സ്വന്തം ലേഖകൻ
പാലിയേക്കര: ടോൾപ്ലാസയിൽ സംഘർഷം. യാത്രക്കാരനായ യുവാവിനെ ടോൾപ്ലാസ ജീവനക്കാരായ നാലുപേർ ചേർന്ന് മർദ്ദിച്ചതായി പരാതി. സംഭവത്തെ തുടർന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ടോൾ പ്ലാസ ഉപരോധിച്ചു. ഇന്നുച്ചയ്ക്ക് പതിനൊന്നരയോടെയാണ് സംഭവങ്ങൾ.
അളഗപ്പനഗർ മഞ്ഞളി മെബിനെ(30)യാണ് ടോൾപ്ലാസ ജീവനക്കാരായ നാലുപേർ ചേർന്ന് മർദ്ദിച്ചതെന്നാണ് പരാതി. ടോൾപ്ലാസയിൽ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. ആന്പല്ലൂർ ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മെബിനും ഭാര്യയും സഞ്ചരിച്ചിരുന്ന ബൊലേറെ ജീപ്പ് മറ്റു വാഹനങ്ങളെ മറികടന്ന് മുന്നോട്ടു കടന്നുവന്നപ്പോൾ ടോൾപ്ലാസ ജീവനക്കാർ വണ്ടി തടയുകയും ജീപ്പിന്റെ മിറർ തല്ലിപ്പൊട്ടിക്കുകയും ചെയ്തത്രെ. ഇത് ചോദ്യം ചെയ്യാൻ മെബിൻ ഇറങ്ങിയപ്പോഴാണ് നാലുപേർ ചേർന്ന് ഇയാളെ മർദ്ദിച്ചത്.
മർദ്ദനം കണ്ട് മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും അടുത്തെത്തി മെബിനെ രക്ഷപ്പെടുത്തുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ മെബിൻ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തെ തുടർന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ടോൾ പ്ലാസയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.