റാമള്ള: ഇസ്രയേൽ- ഹമാസ് സംഘർഷം രൂക്ഷമായിരിക്കേ പുതിയ വീഡിയോ സന്ദേശം പുറത്തുവിട്ട് ഹമാസ് സഹസ്ഥാപകനും മേധാവിയുമായ മഹ്മൂദ് അൽ-സഹർ. ഇസ്രായേൽ കേവലം പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ഭൂമി മുഴുവൻ തങ്ങളുടെ നിയമത്തിനു കീഴിലാകുമെന്നും അൽ-സഹർ പറഞ്ഞു.
നൂറുകണക്കിന് ഇസ്രേലികൾ കൊല്ലപ്പെട്ട മിന്നലാക്രമണത്തിനു പിന്നാലെ ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
“ഭൂമിയുടെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റർ മുഴുവനും, പലസ്തീനികൾക്കെതിരെയും അറബികൾക്കെതിരെയും സിറിയയിലും ലെബനനിലും ഇറാഖിലും മറ്റു രാജ്യങ്ങളിലും നടക്കുന്നതുപോലെയുള്ള അനീതിയും അടിച്ചമർത്തലും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ഇല്ലാത്ത ഒരു സംവിധാനത്തിന് കീഴിലാകും.’ – ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ മഹ്മൂദ് അൽ-സഹർ പറഞ്ഞു
വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷം, ഹമാസിനെതിരായ പോരാട്ടം തുടരാനുള്ള തന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് ഉറപ്പിച്ചുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിറക്കി. ഹമാസിലെ ഓരോ അംഗവും “മരിച്ച മനുഷ്യനാണ്’ എന്നാണ് നെതന്യാഹു പറഞ്ഞത്.