പുതുക്കാട് : ഫാസ്റ്റാഗ് ട്രാക്കുകൾ വർധിപ്പിച്ചതോടെ പാലിയേക്കര ടോൾപ്ലാസയിൽ ഗതാഗതക്കുരുക്കേറുന്നു. രണ്ടുദിശയിലുമായി നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വരുന്നത്.
ഇന്നലെ ഉച്ചതിരിഞ്ഞ് ആന്പല്ലൂർ മുതൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും ഗതാഗതക്കുരുക്കിലകപ്പെട്ടു. ടോൾപ്ലാസയിൽ ഫാസ്റ്റാഗ് ട്രാക്കുകൾ വർധിപ്പിച്ചതാണ് തിരക്കേറാൻ കാരണം. ഓരോ ദിശയിലും എമർജൻസി ട്രാക്കുകൾ ഒഴികെ ആറ് ട്രാക്കുകളാണുള്ളത്. ഇതിൽ രണ്ട് ട്രാക്കുകൾ ഫാസ്റ്റ് ടാഗ് സംവിധാനത്തിലാക്കിയിരുന്നു.
നിലവിൽ 10 ശതമാനം വാഹനങ്ങളാണ് ഫാസ്റ്റാഗ് സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്നത്. ഭൂരിഭാഗം വരുന്ന മറ്റ് വാഹനങ്ങൾ കടന്ന് പോയിരുന്ന ഒരു ട്രാക്ക് കൂടി ഫാസ്റ്റാഗ് ആക്കിയതോടെ ബദൽ സംവിധാനം ഒരുക്കാത്തതാണു പ്രതിസന്ധിക്ക് കാരണം.
ഡിസംബർ ഒന്നിനുള്ളിൽ മുഴുവൻ ട്രാക്കുകളും ഫാസ്റ്റ് ടാഗ് സംവിധാനത്തിലേക്ക് മാറുന്പോൾ ടോൾപ്ലാസയിലെ ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമാകാനാണ് സാധ്യത. എത്രയും വേഗം ഫാസ്റ്റാഗ് സംവിധാനത്തിലേക്ക് മാറണമെന്ന് ദേശിയപാത അഥോറിട്ടി വാഹന ഉടമകൾക്ക് നിർദേശം നൽകുന്നുണ്ടെങ്കിലും നൂറിൽ താഴെപേർ മാത്രമാണ് ദിവസവും ഫാസ്റ്റാഗ് പാസിനായി രജിസ്റ്റർ ചെയ്യുന്നത്.
45000 വാഹനങ്ങൾ ദിനംപ്രതി ടോൾപ്ലാസ കടന്നു പോകുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ദിവസം രാത്രി മണിക്കൂറുകൾ ഗതാഗതക്കുരുക്കിലകപ്പെട്ട് ക്ഷുഭിതരായ യാത്രക്കാർ ടോൾപ്ലാസ തുറന്ന് വാഹനങ്ങൾ കടത്തിവിട്ടിരുന്നു.