തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. നിലവിലെ കരാർ വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബർ ഒന്നിന് ടോൾനിരക്ക് ഉയർത്തിയത്.
ഇതുസംബന്ധിച്ച് ദേശീയപാത അഥോറിറ്റി വിജ്ഞാപനം പുറത്തിറക്കിയിരുന്നു. പുതിയ അറിയിപ്പ് പ്രകാരം കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഒരുവശത്തേക്കുള്ള ടോൾനിരക്കിൽ മാറ്റമില്ല.
എന്നാൽ, ദിവസത്തിൽ ഒന്നിൽ കൂടുതൽ യാത്രകൾക്ക് അഞ്ച് മുതൽ 10 രൂപ വരെ വർധനയുണ്ട്. കാർ, ജീപ്പ്, വാൻ ദിവസം ഒരു വശത്തേക്ക് 90 രൂപയാണ് നിരക്ക്. ദിവസം ഒന്നിൽ കൂടുതൽ യാത്രകളുണ്ടെങ്കിൽ 140 രൂപ നൽകേണ്ടി വരും. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരുവശത്തേക്ക് 160 രൂപയാണ് ചാർജ്.
ഒന്നിൽ കൂടുതൽ യാത്രകൾക്ക് ഇത് 240 രൂപയായി ഉയരും. ബസ്, ലോറി, ട്രക്ക് എന്നിവയ്ക്ക് ഒരുവശത്തേക്ക് 320 രൂപയും ഒന്നിൽ കൂടുതൽ യാത്രകൾക്ക് 480 രൂപയുമാണ് നിരക്ക്.
മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരുവശത്തേക്ക് 515, ഒന്നിൽ കൂടുതൽ യാത്രകൾക്ക് 775. ടോൾപ്ലാസയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് ഒരു മാസത്തേക്കുള്ള ടോൾനിരക്ക് 150 രൂപയും 20 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് 300 രൂപയുമാണ്.