കൊല്ലം: പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ഥിയെ പിടിച്ചിറക്കിക്കൊണ്ടു പോവുക, പരീക്ഷ കഴിഞ്ഞു സ്റ്റേഷനിലേക്ക് വരാമെന്ന് പറഞ്ഞപ്പോള്‍ നിന്നെ ഒറ്റ പരീക്ഷ എഴുതിക്കില്ലെന്ന ഭീഷണിയും. കൊല്ലം എസ്എന്‍ കോളജില്‍ കഴിഞ്ഞ ദിവസം നടന്ന നാടകീയ സംഭവങ്ങളുടെ തുടക്കം ഇങ്ങനെ… മഫ്ത്തിയിലെത്തിയ രണ്ടു പോലീസുകാര്‍ പീഡന കേസിലെ പ്രതിയാണെന്നും പോക്സോ നിയമ പ്രകാരം കേസുണ്ടെന്നും ആരോപിച്ചാണ് മരുത്തടി സ്വദേശി വിഷ്ണു എന്ന വിദ്യാര്‍ത്ഥിയെ പരീക്ഷാ ഹാളില്‍ നിന്നും പിടിച്ചിറക്കിയത്. ബി.എ പൊളിറ്റിക്‌സ് ആറാം സെമസ്റ്റര്‍ പരീക്ഷ നടന്നു കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. കുറച്ചു സമയത്തിനു ശേഷമാണ് ആളുമാറിയെന്നും തങ്ങള്‍ക്ക് അമളി പിണഞ്ഞെന്നും പോലീസുകാര്‍ക്ക് മനസിലായത്. ഇതോടെ മാപ്പു പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചെങ്കിലും പ്രശ്‌നത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഇടപെട്ടതോടെ പോലീസ് വെട്ടിലായി.
പരീക്ഷ എഴുതാന്‍ വിഷ്ണു കോളേജില്‍ എത്തിയതിന് പിന്നാലെ വന്ന പൊലീസുകാരോട് വിഷ്ണുവിനെ പിടിക്കാന്‍ എന്താണ് കാരണം എന്ന് ചോദിച്ചപ്പോള്‍ വിഷ്ണു വെറുതെ സ്റ്റേഷന്‍ വരെ വരണമെന്നാണ് അവര്‍ പറഞ്ഞത്. അധ്യാപകരും വിദ്യാര്‍ത്ഥികളും ചുറ്റിലും കുടിയപ്പോള്‍ പോക്സോ കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ പരീക്ഷ കഴിഞ്ഞ് സ്റ്റേഷനിലെത്തിക്കാമെന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും പറഞ്ഞു. എന്നാല്‍ കൂടെ വന്നില്ലെങ്കില്‍ കൂടുതല്‍ പൊലീസും എത്തുമെന്നും പിന്നീടുള്ള പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്നുമായി പൊലീസ്. ഇപ്പോള്‍ വന്നാല്‍ ഇന്നൊരു ദിവസത്തെ പരീക്ഷ മാത്രം എഴുതാന്‍ പറ്റാതിരിക്കുകയുള്ളൂ എന്നു ഭീഷണി പെടുത്തി. ഇതോടെ വിഷ്ണു പൊലീസുകാര്‍ക്കൊപ്പം പോവുകയായിരുന്നു.
ഒന്നരയ്ക്കു നടക്കുന്ന പരീക്ഷ എഴുതുന്ന വിഷ്ണുവിനെ പിടികൂടാന്‍ പോലീസുകാര്‍ 12 മണിയോടെയാണ് കോളജിലെത്തിയത്. തുടര്‍ന്ന് വിഷ്ണുവിനെ കാണുകയും സ്‌റ്റേഷനില്‍ വരാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. മരുത്തടി സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന കേസിലാണ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടു പോവുകയായിരുന്നു. എസ്.ഐ ചോദ്യം ചെയ്തതോടെ വിഷ്ണു താന്‍ അങ്ങനൊരു കുറ്റവും ചെയ്തിട്ടില്ലെന്നും പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും പറഞ്ഞു. സംശയം തോന്നിയ എസ്.ഐ കേസിലെ പ്രതിയുടെ അച്ഛനെ ഫോണില്‍ വിളിച്ചു മകനെപ്പറ്റി അന്വേഷിച്ചപ്പോള്‍ മകന്‍ ഗള്‍ഫിലാണെന്ന് അറിയുന്നത്. ഇതോടെയാണ് പൊലീസിന് അമളി പിണഞ്ഞത് മനസ്സിലായത്.
ഉടന്‍ തന്നെ വിഷ്ണുവിനോട് ക്ഷമ പറയുകയും പൊയ്ക്കോളാന്‍ എസ്.ഐ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഒറ്റയ്ക്ക് പോകാന്‍ കഴിയില്ലെന്ന് വിഷ്ണു ആവശ്യപ്പെട്ടതനുസരിച്ച് ഒരു പൊലീസുകാരനെയും കൂട്ടി കോളേജിലേക്ക് തിരികെ വിട്ടു. കോളേജിലെത്തിയതോടെ അനാവശ്യമായി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തതിന് പൊലീസുകാരനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു വച്ചു. സംഭവം അറിഞ്ഞ് കോളേജിന്റെ പരിധിയിലുള്ള ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്.ഐ സ്ഥലത്തെത്തി ചര്‍ച്ച നടത്തി പൊലീസുകാരനെ മോചിപ്പിച്ചു. വിഷ്ണു മുമ്പ് താമസിച്ചിരുന്ന മേല്‍വിലാസത്തിലാണ് പോക്സോ കേസിലെ പ്രതി താമസിക്കുന്നത്. കൂടാതെ പ്രതിയുടെ പേരും മാതാപിതാക്കളുടെ പേരുകളും സാദൃശ്യമുള്ളതുമാണ്. ഇതാണ് അമളി പറ്റാന്‍ കാരണമായി പോലീസ് പറയുന്നത്.
തനിക്ക് നന്നായി പരീക്ഷയെഴുതാന്‍ സാധിച്ചില്ല എന്ന് വിഷ്ണു പറയുന്നു. മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് കോളജ് യൂണിയന്‍.