പാലപ്പിള്ളി: വലിയകുളത്ത് കടുവ ഇറങ്ങി കാട്ടുപോത്തിനെ കൊന്നു; കടുവയും കാട്ടുപോത്തും ജനവാസമേഖലയിൽ ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ.
ചിമ്മിനി ഡാം റോഡിനുസമീപം പാലപ്പിള്ളി വലിയകുളം ആറിലപ്പാടിയിൽ കടുവ ഇറങ്ങി കാട്ടുപോത്തിനെ കൊന്നു. ഇന്നലെ ജൂങ്ങ് ടോളി റബർ എസ്റ്റേറ്റിൽ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടത്.
ആക്രമണരീതിയും കാൽപാടുകളും വനപാലകർ പരിശോധിച്ചാണ് ആക്രമിച്ചത് കടുവയെന്നു സ്ഥിരീകരിച്ചത്. 500 കിലോയേക്കാൾ തൂക്കമുള്ള കാട്ടുപോത്തിനെ പുലിയ്ക്ക് ഒറ്റയ്ക്ക് വകവരുത്താനാവില്ലെന്നാണു നിഗമനം.
പുലികൾക്ക് കൂട്ടാമായി മാത്രമെ ഇവയെ വകവരുത്താനാവൂ. കടുവ ഒറ്റയ്ക്ക് കാട്ടുപോത്തിനെ വകവരുത്താറുണ്ടെന്നാണ് വനപാലകർ പറയുന്നത്.
ചിമ്മിനിഡാം റോഡിനോട് ചേർന്ന് കടുവയും കാട്ടുപോത്തും ഇറങ്ങിയതോടെ നാട്ടുകാരും തൊഴിലാളികളും ഭീതിയിലാണ്. ടാപ്പിംഗിനും മറ്റുമായി ഇവിടെ തോട്ടം തൊഴിലാളികൾ പുലർച്ചെസമയങ്ങളിൽ എത്താറുണ്ട്.
വനാതിർത്തിയോട് ചേർന്ന് കടുവ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും നാട്ടിലിറങ്ങുന്നത് ആദ്യമായാണെന്നു വനപാലകരും പറഞ്ഞു. വനത്തിൽ വേട്ടയാടുന്നതിനിടെ അതിർത്തി കടന്ന് കാട്ടുപോത്തും കടുവയും നാട്ടിലെത്തിയതാകാനും സാധ്യതയുണ്ടെന്നും വനപാലകർ പറഞ്ഞു.
കടുവ ഇറങ്ങിയതോടെ മേഖലയിൽ ട്രാപ്പ് കാമറ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനപാലകർ.