സ്വന്തം ലേഖകൻ
പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിലൂടെ ഇനി അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകണമെങ്കിൽ ഫാസ്ടാഗില്ലാത്ത വാഹനങ്ങൾ പ്രത്യേകം പ്രത്യേകം പാസെടുക്കണം. ഇന്നലെ രാത്രി വരെയുണ്ടായിരുന്ന ഇരട്ടയാത്ര പാസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് രാത്രി വരികയും ഇന്നു പുലർച്ചെ മുതൽ ഇത് നടപ്പാക്കുകയുമായിരുന്നു. നേരത്തെ ഒരു തവണ കടന്നുപോകുന്നതന് 75 രൂപയും റിട്ടേണ്‍ പാസെടുക്കുകയാണെങ്കിൽ 105 രൂപയുമായിരുന്നു നിരക്ക്.
ഇതുപ്രകാരം 24 മണിക്കൂറിനുള്ളിൽ എത്ര തവണ വേണമെങ്കിലും ടോൾപ്ലാസ വഴി അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകാമായിരുന്നു. ഇതാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഇപ്പോൾ ഒരോ തവണ ടോൾപ്ലാസ കടന്നുപോകണമെങ്കിലും 75 രൂപ നൽകണം. ഫാസ്ടാഗുകാർക്ക് ഇത് ബാധകമല്ല. അവർ 105 രൂപ തന്നെ നൽകിയാൽ മതി. കനത്ത ബാധ്യതയാണ് ഫാസ്ടാഗ് എടുക്കാത്ത വാഹനയാത്രക്കാർക്ക് ഇതോടെ വന്നിരിക്കുന്നത്.
ഫാസ്ടാഗിലേക്ക് മാറിക്കോളൂ… പണവും സമയവും ലാഭിച്ചോളൂ….
വാഹനഉടമകൾ ഫാസ്ടാഗിലേക്ക് മാറാൻ ഇനിയും വൈകേണ്ട. പണവും സമയവും ലാഭിക്കാൻ ഫാസ്ടാഗ് എടുക്കുന്നതാണ് ഉചിതമെന്നതിൽ തർക്കമില്ല. ടോൾപ്ലാസകളിൽ കാത്തുകിടക്കുന്നതും കൂടുതൽ തുക ടോളായി നൽകുന്നതും ഒഴിവാക്കാൻ ഫാസ്ടാഗ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് അധികൃതരും ഓർമിപ്പിക്കുന്നു.
മൊബൈൽ ആപ് വഴിയോ ബാങ്കുകൾ വഴിയോ ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറാനാകും.