പുതുക്കാട്: മഴക്കെടുതിയെത്തുടർന്ന് നിർത്തിവച്ച പാലിയേക്കര ടോൾ പിരിവ് 31 ന് ആരംഭിക്കും. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വാഹനങ്ങൾക്ക് ടോൾ ഒഴിവാക്കും.പ്രളയത്തെത്തുടർന്ന് സർക്കാർ നിർദേശ പ്രകാരമാണ് ടോൾ പിരിവ് നിർത്തിവച്ചത്. 26 ന് ടോൾ പിരിവ് ആരംഭിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും 30 വരെ പിരിവ് നിർത്തിവയ്ക്കാൻ സർക്കാർ നിർദേശിക്കുകയായിരുന്നു.
ടോൾ പ്ലാസയുടെ ടണലിൽ വെള്ളം കയറി ഉപകരണങ്ങൾ നശിച്ചതിനാൽ തത്കാലിക സജ്ജീകരണങ്ങൾ ഒരുക്കിയാണ് ടോൾ പിരിവ് ആരംഭിക്കുന്നത്. പൂർണമായ രീതിയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ ഒന്നര മാസം കഴിയും.
മഴക്കെടുതിയിൽ തകർന്ന ദേശീയപാതയിൽ ടാറിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രധാന പാതയിലെ തകരാർ പരിഹരിച്ചശേഷം സർവീസ് റോഡുകളിൽ ടാറിംഗ് നടത്തും.
ഇതിനിടെ പ്രളയത്തിൽനിന്ന് മുക്തിയാകുംമുന്പ് ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സർക്കാർ ഇടപെട്ട് ടോൾ പിരിവ് നിരോധനം ദീർഘിപ്പിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.