ആന്പല്ലൂർ: പാലിയേക്കരയിൽ ടോൾ പിരിവ് വീണ്ട ും ആരംഭിച്ചു. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം താത്കാലികമായി നിർത്തിവച്ച ടോൾ പിരിവാണ് ഞായറാഴ്ച അർധ രാത്രി മുതൽ പുനരാരംഭിച്ചത്.
ലോക്ക് ഡൗണ്‍ തീരുന്നതുവരെ ടോൾ പിരിവു നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് കളക്ടർ ഇടപെട്ട് ടോൾ പിരിവ് നിർത്തിവച്ചത്.
എന്നാൽ, നേരത്തെ ലഭിച്ച കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ടോൾ പിരിവ് ആരംഭിച്ചതെന്ന് കന്പനി അധികൃതർ പറയുന്നു.
ഇതിനിടെ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കുന്നതുവരെ ടോൾ പിരിവ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിക്ക് മന്ത്രി ജി.സുധാകരൻ കത്ത് നൽകിയെങ്കിലും കേന്ദ്ര സർക്കാർ തീരുമാനമൊന്നും എടുത്തിട്ടില്ല.
മൂന്നാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വന്നതോടെ ടോൾ പ്ലാസയിൽ നേരിയ തോതിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. സ്വകാര്യ വാഹനങ്ങളാണ് കൂടുതലായി നിരത്തിലിറങ്ങിയിരിക്കുന്നത്.
ടോൾ പ്ലാസയിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ഓരോ ഭാഗത്തും നാലുവീതം ബൂത്തുകളാണ് തുറന്നിരിക്കുന്നത്.
രണ്ടു ഫാസ്ടാഗ് ട്രാക്കുകളും രണ്ടു കാഷ് ട്രാക്കുകളുമാണു നിലവിൽ തുറന്നത്. എന്നാൽ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സാന്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോൾ പിരിവു നിർത്തിവെക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.
ടോൾപിരിവ് ജനങ്ങളോടുള്ള വെല്ലുവിളി: ജോസഫ് ടാജറ്റ്
തൃശൂർ: പാലിയേക്കര ടോളിൽ ടോൾപിരിവ് പുനരാരംഭിച്ചതു കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു ഡിസിസി വൈസ് പ്രസിഡന്റും ടോൾ ഉപസമിതി ചെയർമാനുമായ ജോസഫ് ടാജറ്റ് പറഞ്ഞു.
ജനങ്ങൾ കോവിഡ് മൂലം സാന്പത്തികമായി തകർന്നിരിക്കുകയാണ്. ഈ സമയത്ത് ഇത്തരം പ്രാധാന്യമില്ലാത്ത കാര്യങ്ങൾക്കു ജനങ്ങളെ പിഴിയുന്നത് അപലപനീയമാണ്. കാശുണ്ടാക്കാനായി ടോൾ കന്പനിയെ സംരക്ഷിക്കേണ്ട ആവശ്യം സർക്കാരുകൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വളരെ അത്യാവശ്യയാത്രയ്ക്കു പോകുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ടോൾപിരിവ് വേദനാജനകമായിരിക്കും. ഇതുവഴിയുള്ള രോഗവ്യാപന സാധ്യതയും തള്ളിക്കളയാനാവാത്ത സാഹചര്യത്തിൽ ടോൾപിരിവ് നിർത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യ
പ്പെട്ടു.
കേന്ദ്ര സർക്കാരിനെകൊണ്ട് ടോൾ നിർത്തിവയ്പിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. രോഗവ്യാപനം തീരുന്നതുവരെ ടോൾ നിർത്തിവയ്ക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ഇ മെയിൽ സന്ദേശം അയച്ചതായും അദ്ദേഹം അ റിയിച്ചു.