പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ തദ്ദേശീയ വാഹനങ്ങൾക്കു സൗജന്യയാത്രാ പാസ് നിർത്തലാക്കിയതിൽ ജനകീയപ്രതിഷേധം. ടോൾപ്ലാസയ്ക്കു 10 കിലോമീറ്റർ ചുറ്റളവിലുള്ള വാഹന ഉടമകളുടെ കൂട്ടായ്മയാണ് പ്രതിഷേധവുമായെത്തിയത്. മണലി സമാന്തരപാതയിൽ പ്രതിഷേധയോഗം ചേരുകയും ഭാവി സമരപരിപാടികൾ തീരുമാനിക്കുകയും ചെയ്തതിനുശേഷം ടോൾ പ്ലാസയിലേക്ക് പ്രകടനവുമായെത്തിയ സംഘം ടോൾപ്ലാസ ഡെപ്യൂട്ടി മാനേജർക്ക് നിവേദനം നൽകി.
തദ്ദേശീയരായ 50 പേർ പ്രത്യേകമായും പരാതി നൽകി. നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് ഉന്നത അധികാരികൾക്ക് പരാതി കൈമാറുമെന്ന് മാനേജർ ഉറപ്പു നൽകി. പ്രാദേശിക വാഹനങ്ങളുടെ ടോൾ പ്രശ്നം അടിയന്തരമായി പരിഹരിക്കാത്ത പക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
ദേശീയപാത അഥോറിറ്റി രാജ്യത്തെ ടോൾപ്ലാസകളിൽ ഫാസ്റ്റാഗ് സംവിധാനം നിർബന്ധമാക്കിയതോടെയാണ് പുതിയ വാഹനങ്ങൾക്ക് സൗജന്യ പാസ് അനുവദിക്കുന്നത് നിർത്തലാക്കിയത്. തദ്ദേശീയ വാഹനങ്ങളുടെ ടോൾതുക നിലവിൽ സംസ്ഥാന സർക്കാരാണു നൽകി വരുന്നത്.
ഫാസ്റ്റാഗ് നിർബന്ധമാക്കുന്നതോടെ തദ്ദേശീയരുടെ സൗജന്യ യാത്രാ നിരക്ക് സംബന്ധിച്ച സർക്കാർ തീരുമാനം ഉണ്ടാകാത്തതാണ് നിലവിലെ പ്രശ്നത്തിനു കാരണം. പുതിയ വാഹനങ്ങൾ പ്രതിമാസം 150 രൂപയുടെ ഫാസ്റ്റാഗ് എടുത്താണ് തദ്ദേശീയർ ഇപ്പോൾ ദേശീയപാതയിലെ ടോൾപ്ലാസ കടക്കുന്നത്.
പത്ത് കിലോമീറ്റർ ചുറ്റളവിലെ വാഹന ഉടമകൾക്ക് സൗജന്യമായി ഫാസ്റ്റാഗ് അനുവദിക്കുന്നതിനുള്ള നടപടി സർക്കാർ കൈക്കൊള്ളണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ടോൾപ്ലാസയുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാഹന ഉടമകളെ സമൂഹമാധ്യമങ്ങൾ വഴി ഏകോപിപ്പിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കൂട്ടായ് മയ്ക്കു കീഴിൽ വിവിധ പഞ്ചായത്തുകളിൽ പ്രത്യേകം കൂട്ടായ്മകളും രൂപവത്കരിച്ചിട്ടുണ്ട്. ദിവസേന പലവട്ടം ടോൾപ്ലാസ കടന്നു പോകേണ്ടവരാണ് പ്രതിഷേധ സംഗമത്തിനെത്തിയ വാഹന ഉടമകളിൽ ഭൂരിഭാഗവും.