തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ തർക്കം പതിവായതോടെ യാത്രികർ ദുരിതത്തിൽ. ടോൾപ്ലാസ ജീവനക്കാരുടെ മോശം പെരുമാറ്റത്തെ ചുറ്റിപ്പറ്റിയാണ് തർക്കങ്ങൾ ഉടലെടുക്കുന്നത്. ടോൾ തുടങ്ങിയ കാലംമുതൽക്കേ അനിഷ്ടസംഭവങ്ങളുടെ പെരുമഴയാണ്. പ്രശ്നങ്ങൾ തീരുന്നില്ലെന്നു മാത്രമല്ല പുതിയവയ്ക്കു തുടക്കമിടുകയും ചെയ്യുകയാണ് ഓരോ ദിവസവും.
ഫാസ്ടാഗ് ട്രാക്കിൽ പോലും തർക്കങ്ങൾ പതിവായിട്ടുണ്ട്. റീഡിംഗ് മെഷീൻ ഉപയോഗിച്ച് നിമിഷങ്ങൾക്കം വാഹനങ്ങൾ കടത്തിവിടാമെങ്കിലും ഇവിടെയും തർക്കങ്ങൾ പതിവാണ്. ഇന്നലെ പുലർച്ചെ രണ്ടിനും ഫാസ് ടാഗ് ട്രാക്കിൽ തർക്കമുണ്ടായി.
തൊടുപുഴയിലേക്കു പോകുകയായിരുന്ന സംഘം ഫാസ്ടാഗ് സംവിധാനമുള്ള തങ്ങളുടെ കാർ പാലിയേക്കരയിലെ ഫാസ്ടാഗ് ലെയ്നിലേക്കു കയറ്റി. ഇവരുടെ ഫാസ്ടാഗ് വാലിഡ് ആണെന്നു കാണിച്ചെങ്കിലും ഇവരുടെ മുന്നിലുണ്ടായിരുന്ന വാഹനത്തിന്റെ ഫാസ്ടാഗ് പ്രവർത്തിച്ചില്ല. അതോടെ ഇവർ ലെയ്നിൽ മുന്നോട്ടു പോകാനാകാതെ കുടുങ്ങി.
മുന്നിലുണ്ടായിരുന്ന കാറുകാരൻ ഫാസ്ടാഗ് റീഡിംഗ് മെഷീൻ (ഹാൻഡ് സെൻസർ) ഉപയോഗിച്ച് റീഡ് ചെയ്യുവാൻ അഭ്യർത്ഥിച്ചെങ്കിലും ടോൾപ്ലാസയിലെ ജീവനക്കാർ അതിനു തയാറായില്ല. ആ കാറുകാരന്റെ ഫാസ്ടാഗ് അക്കൗണ്ടിൽ ആവശ്യത്തിനു പണം ഉണ്ടായിരുന്നു. തെറ്റ് ടോൾ ബൂത്തിന്റെ ഭാഗത്തുനിന്നാണെന്നും വ്യക്തമായിരുന്നു.
ടോൾ ബൂത്തുകാർ ഹാൻഡ് സെൻസർ ഉപയോഗിച്ച് റീഡ് ചെയ്യുവാൻ തയാറാകാതിരുന്നതു പ്രശ്നം വാക്കുതർക്കത്തിലെത്തിക്കുകയായിരുന്നു.