കട്ടപ്പന: സാഹസിക യാത്രികരുടെ ഇഷ്ടതാവളമായി പാൽകുളംമേട്. സമുദ്രനിരപ്പിൽനിന്നും 3200 അടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന തട്ടുതട്ടായ പുൽമേടിന്റെ കുടന്നയിലെ പാലുപോലെ ശുദ്ധവും ധാതുസമൃദ്ധവുമായ കുളമാണ് പാൽകുളംമേടെന്ന പേരു സമ്മാനിച്ചത്.
ടൂറിസം ഭൂപടത്തിൽ സ്ഥാനംപിടിച്ചിട്ടുള്ള പാൽകുളം മേടിന്റെ വിശാലമായ നിത്യഹരിതാഭവും മലയിൽനിന്നുള്ള കാഴ്ചയും അവിസ്മരണീയ വിരുന്നാണ് സമ്മാനിക്കുന്നത്.ഇടുക്കിയിൽനിന്നും 12 കിലോമീറ്റർ അകലെ കരിന്പൻ ആൽപാറ വഴി 24 ഹെയർപിൻ വളവുകളുള്ള റോഡും കടന്നുചെല്ലുന്നത് പാൽകുളംമേടെന്ന കാഴ്ചയുടെ പറുദീസയിലേക്കാണ്. കാട്ടുറോഡും കാട്ടുമൃഗങ്ങളും എപ്പോഴും പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന കോടമഞ്ഞും ചരിത്രമുറങ്ങുന്ന കുന്നിന്റെ ദൃശ്യഭംഗി വർധിപ്പിക്കുന്നു.
ശിലായുഗസ്മരണകൾ ഓടിയെത്തുന്ന പാൽകുളംമേട്ടിലെ പ്രകൃതിനിർമിത ഗുഹയും വിസ്മയകാഴ്ചയാണ്. 50 അടിയോളം നീളമുള്ള ഗുഹയിൽ നീർചാലുകളുടെ സ്പർശനമുണ്ടാകുമെപ്പോഴും.