വടവാതൂർ: ഓഫീസ് തേടിയെത്തുന്നവരെ വഴി തെറ്റിക്കുന്ന പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. പള്ളം ബ്ലോക്ക് പഞ്ചായത്ത് എന്നത് വടവാതൂർ ബ്ലോക്ക് പഞ്ചായത്ത് എന്നാക്കി മാറ്റണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്. നിലവിൽ വടവാതൂരിലാണ് പള്ളം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുന്നത്.
എന്നാൽ സ്ഥലപ്പേര് നോക്കി എത്തുന്നവർ പള്ളത്തെത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അന്വേഷിച്ചു വട്ടം കറങ്ങുന്നത് പതിവായതോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടൽ.ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുന്ന വടവാതൂരും പള്ളവും തമ്മിൽ എട്ടു കിലോമീറ്റർ ദൂരമുണ്ട്. കൂടാതെ പള്ളം കോട്ടയം നഗരസഭയ്ക്കു കീഴിലുള്ള പ്രദേശവുമാണ്.
കേന്ദ്ര പദ്ധതിയായ ആയുഷ്ഗ്രാമം പദ്ധതിയും പള്ളം ബ്ലോക്ക് പഞ്ചായത്തിനാണ് അനുവദിച്ചിരിക്കുന്നത്. ഇതിനായി എത്തുന്ന കേന്ദ്ര സംസ്ഥാനതല ഉദ്യോഗസ്ഥർ പള്ളത്തെത്തി ഓഫീസ് അന്വേഷിക്കുന്നതും പതിവാണ്. ഒടുവിൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള ആളുകൾ ചെന്നാണ് ഉദ്യോഗസസ്ഥരെ വടവാതൂരിലെ ഓഫീസിലെത്തിക്കുന്നത്. ബ്ലോക്കിന്റെ കീഴിൽ വിജയപുരം, കുറിച്ചി, പനച്ചിക്കാട്, അയർക്കുന്നം, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളാണുള്ളത്. ഇവിടങ്ങളിൽ നിന്നുള്ള പൊതുജന പരാതി കൂടി കണക്കിലെടുത്താണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ശശീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വികസന സമിതി അധ്യക്ഷൻ റോയി ജോണ് ഇടയത്തറ പ്രമേയം അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റ് ലതാകുമാരി സലിമോൻ പിന്താങ്ങി. തദ്ദേശസ്വയംഭരണ മന്ത്രി, ഗ്രാമ വികസന കമ്മീഷണർ എന്നിവർക്ക് പ്രമേയത്തിന്റെ കോപ്പി നൽകുമെന്നും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഉമ്മൻ ചാണ്ടി എംഎൽഎ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സി.എഫ്. തോമസ് എംഎൽഎ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് ടി.ടി ശശീന്ദ്രനാഥ പറഞ്ഞു. – See more at: