മുംബൈ: റെയിൽ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ പല്ലവി വികാംസെയുടെ സ്വർണാഭരണങ്ങൾ കണ്ടെത്തി. ഇവർ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന ഒാഫീസിൽ നിന്നാണ് ആഭരണങ്ങൾ കണ്ടെത്തിയത്. അതേസമയം മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇവർ അവസാനം വിളിച്ച കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
വികാംസെ ജീവനൊടുക്കനാണ് സാധ്യതയെന്നാണ് പോലീസ് പറയുന്നത്. ഇതിനായി ആരുടെയെങ്കിലും പ്രേരണയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) അധ്യക്ഷൻ നിലേഷ് വികാംസേയുടെ മകൾ പല്ലവി വികാംസെയെയാണ് മുംബൈയിൽ റെയിൽവേ ട്രാക്കിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പല്ലവിയെ കാണാതാകുന്നത്. ബുധനാഴ്ച വൈകുന്നേരം സിഎസ്എംടി റെയിൽവേ സ്റ്റേഷനിൽ പല്ലവിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് പല്ലവിയുടെ മൊബൈലിൽ നിന്ന് എന്റെ പ്രവൃത്തിയിൽ ആർക്കും പങ്കില്ല എന്ന മെസേജ് ചില കുടുംബാംഗങ്ങൾക്ക് ലഭിച്ചു. പല്ലവിയെ ഫോണിൽ വിളിച്ചെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു.
ഇതിനെത്തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. റെയിൽ പാളത്തിൽ മൃതദേഹം കണ്ടതായി പരേൽ റെയിൽവേ സ്റ്റേഷനിൽ ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി 7.15ഓടെ പല്ലവിയുടെ മൃതദേഹം കണ്ടെത്തിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ അധ്യക്ഷൻ നിലേഷ് വികാംസേയുടെ രണ്ടുമക്കളിൽ ഇളയ ആളാണ് പല്ലവി. ദക്ഷിണ മുംബൈയിലെ ഒരു നിയമകാര്യ സ്ഥാപനത്തിൽ ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്നു പല്ലവി വികാംസേ.