പയ്യന്നൂര്‍: നിസ്കാര പ്രശ്നത്തെ ചൊല്ലി എട്ടിക്കുളം തഖ്വാ പള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ 347 പേര്‍ക്കെതിരെ കേസ്. എപി-ഇകെ വിഭാഗം സുന്നികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് എസ്ഐമാര്‍ക്കും ഒരു പോലീസുകാരനുമുള്പ്പെടെ പരിക്കേറ്റിരുന്നു. പോലീസ് വാഹനം തകര്‍ക്കുകയും പോലീസ് ജീപ്പുള്‍പ്പെടെ രണ്ടു ജീപ്പുകളും രണ്ട് കാറും തകര്‍ത്തിരുന്നു. മൂന്ന് സംഭവങ്ങളിലായാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. എപി വിഭാഗം സുന്നികളുടെ പള്ളിയില്‍ പുതുതായി ജുമു അ തുടങ്ങാനുള്ള നീക്കം ഇകെ വിഭാഗം തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. വാക്കേറ്റം മൂര്‍ഛിച്ചപ്പോള്‍ പരിഞ്ഞ് പോകാനാവശ്യപ്പെട്ട പോലീസിനു നേരെ കല്ലേറുണ്ടായതോടെ പോലീസ് ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവും നടത്തിയാണ് അക്രമികളെ തുരത്തിയത്.
ഇതിനിടയിലുണ്ടായ അക്രമത്തില്‍ പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈന്‍, പഴയങ്ങാടി എസ്ഐ പി.എ.ബിനുമോഹന്, പഴയങ്ങാടി സിപിഒ അനില്‍കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ക്ക് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലാണ് ചികിത്സ നല്‍കിയത്.ചികിത്സ തേടിയില്ലെങ്കിലും നിരവധി പോലീസുകാര്‍ക്കും കല്ലേറില്‍ പരിക്കേറ്റിരുന്നു.
പഴയങ്ങാടി പോലീസിന്റെ ജീപ്പ് അക്രമികള്‍ അടിച്ചു തകര്‍ത്തു. പെരുമ്പയിലെ യൂസഫ് ഹാജിയുടെ കെഎല്‍ 59 എഫ് 7555 ജീപ്പും പൂച്ചക്കാട്ടെ സെയ്ഫുദ്ദീന്റെ കെഎല്‍ 60 എന്‍ 1938 കാറും കല്ലിക്കണ്ടി മുഹമ്മദലിയുടെ കാറും അടിച്ചു തകര്‍ത്തു. നിരവധി സ്കൂട്ടറുകളും ബൈക്കുകളും തകര്‍ക്കപ്പെട്ടു. സംഭവ സ്ഥലത്ത് നിന്നും തകര്ക്കപ്പെട്ടവയുള്പ്പെടെ 38 ഇരുചക്ര വാഹനങ്ങളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
അക്രമ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത 13 പേരെ കോടതി റിമാണ്ട് ചെയ്തു. ഇവരെ കൂടാതെ കണ്ടാലറിയാവുന്ന മുന്നൂറോളം ആളുകളുടെ പേരിലും കേസുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍,പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈനിന്റെ പരാതിയില്‍ കേസെടുത്തത്.
കൂടാതെ ഇന്നോവ കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ കല്ലിക്കണ്ടി മുഹമ്മദലിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരേയും പൂച്ചക്കാട്ടെ സെയ്ഫുദ്ദീന്‍ ബാദുഷയുടെ കാര്‍ തകര്‍ത്തതായുള്ള പരാതിയില്‍ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.
പോലീസുകാര്‍ക്കുള്‍പ്പെടെ 17 പേര്‍ക്ക് അക്രമങ്ങളില്‍ പരിക്കേറ്റിരുന്നു.പരിക്കേറ്റ എട്ടിക്കുളത്തെ എം.എ.അബ്ദുള്‍ റഹ്മാന് (45), എം.കെ.അലി അസ്കര്‍ ( 45),പി.അബ്ദുള്‍ ജലീല്‍ (56), എം.മുഹമ്മദലി(39), പി.എസ്.മുഹമ്മദ്കുഞ്ഞി (60)എന്നിവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലും പള്ളിക്കര പൂച്ചക്കാട്ടെ അബ്ദുള്‍ റഹ്മാന് സക്വാഫി (43), മുഹമ്മദ് കുഞ്ഞി(60), എട്ടിക്കുളത്തെ അബ്ദുള്‍ റഹ്മാന് (45), അലി അസ്കര്‍ (46), എ.ജബ്ബാര്‍ (40) എന്നിവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും ഇ.ഉജാസ്, എം.പി.നിഹാല്‍, സി.പി.നൗഷാദ്, എം.അബ്ദുള്ള എന്നിവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എട്ടിക്കുളത്തെ താജുല്‍ ഉലമ മഖാമില്‍ പുതുതായി വെള്ളിയാഴ്ച്ച നിസ്കാരമായ ജുംഅ തുടങ്ങാനുള്ള ഒരുമാസമായി തുടരുന്ന ശ്രമമാണ് ചേരിതിരിഞ്ഞുള്ള അക്രമത്തില്‍ കലാശിച്ചത്.