തുറവൂർ: കഞ്ചാവ് മയക്കുമരുന്നു സംഘം പള്ളിയും കുരിശടിയും തകർത്ത സംഭവത്തിൽ ആരേയും പിടികൂടാനായില്ല. പള്ളിത്തോട് ചാപ്പക്കടവ് സെന്റ് ആന്റണീസ് പള്ളിയുടെ ജനൽച്ചില്ലുകളും പള്ളിയുടെ മുൻവശത്തെ തീരദേശ റോഡരികിലെ, മാതാവിന്റെ കുരിശടിയുമാണ് കഴിഞ്ഞ ദിവസം കഞ്ചാവ് സംഘം അടിച്ചുതകർത്തത്. കഴിഞ്ഞ 31നു സെന്റ് ആന്റണീസ് പള്ളിയുടെ ജനൽ ചില്ലകൾ അടിച്ചു തകർത്ത അതേസംഘമാണ് മയക്കുമരുന്നു ഉപയോഗിച്ച ശേഷം പരസ്പരം ഏറ്റുമുട്ടി പള്ളിയുടെ മുൻവശത്തെ മാതാവിന്റെ കുരിശടിയുടെ ചില്ലുകളും അടിച്ചു തകർത്തത്.
രൂപത്തിനും കേടുപാട് വന്നിട്ടുണ്ട്. പ്രദേശത്തു തന്നെയുള്ള കഞ്ചാവ് വിൽപന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് നാട്ടുകാർ പറയുന്നു. മണിക്കുറുകളോളം ഈ പ്രദേശത്ത് ഭീകരാവസ്ഥ സൃഷ്ടിച്ചാണ് സംഘം തേർവാഴ്ച നടത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുത്തിയതോട് പോലീസ് എത്തിയെങ്കിലും ആരേയും പിടികൂടിയില്ല. പള്ളിത്തോട് ചാപ്പക്കടവിൽ വൻതോതിലാണ് മയക്കുമരുന്നു വില്പനയും ഉപയോഗവും നടക്കുന്നത്.
പെണ്കുട്ടികളാണ് ഇവിടെ സ്കൂൾ യൂണിഫോമിൽ ഇവിടുത്തെ ഏജന്റിന് കഞ്ചാവും മയക്കുമരുന്നും എത്തിക്കുന്നതെന്നാണ് വിവരം.കണ്ണമാലി മുതൽ അർത്തുങ്കൽ വരേയുള്ള തീരദേശ മേഖലയിൽ നിന്നും നിരവധി യുവാക്കളാണ് ഇവിടെ എത്തി മയക്കുമരുന്നു വാങ്ങുന്നതും ഉപയോഗിക്കുന്നതും. പരിസരവാസികൾ വളരെ ഭയത്തോടെയാണ് ജീവിക്കുന്നതും.
ഇവരുടെ ശല്യം രൂക്ഷമാകുന്പോൾ ആരെങ്കിലും ചോദ്യം ചെയ്താൽ മാരകായുധങ്ങളുമായി അവരെ ആക്രമിക്കുകയും ചെയ്യുന്നു. കൂടാതെ പരിസരത്തെ വീടുകളുടെ മുന്നിൽ മാലിന്യങ്ങൾ ഇടുന്നതും പതിവാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഈ മേഖലയിലൂടെ യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്.