തൃശൂർ: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് സഭാ വിശ്വാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഓർത്തഡോക്സ് വൈദികരടക്കം 120 പേർക്കെതിരേ കേസ്.
ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ മിലിത്തിയോസിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം, കലാപശ്രമം എന്നിവ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണു പോലീസ് കേസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അവകാശത്തർക്കം നടക്കുന്ന സെന്റ് മേരീസ് പള്ളിക്കുമുന്നിൽ വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണു സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ മിലിത്തിയോസ് ഉൾപ്പെടെ 20 പേർക്കു പരിക്കേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയിലാണ്.
പള്ളിക്കുള്ളിൽ പ്രാർഥന നടത്തുകയായിരുന്ന യാക്കോബായ സഭാംഗങ്ങൾക്കും പുറത്ത് പ്രാർഥനായജ്ഞത്തിൽ പങ്കെടുത്തിരുന്ന ഓർത്തഡോക്സ് സഭാംഗങ്ങൾക്കും കല്ലേറിൽ പരുക്കേറ്റു.
സുപ്രീം കോടതി വിധി പ്രകാരം പള്ളിയിൽ കയറി പ്രാർഥന നടത്തണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാവിലെയാണ് മാർ മിലിത്തിയോസിന്റെ നേതൃത്വത്തിൽ ഒരു സംഘം പള്ളിക്കു മുന്നിൽ പ്രാർഥനായജ്ഞം ആരംഭിച്ചത്. യാക്കോബായ സഭക്കാർ പ്രധാന ഗേറ്റ് പൂട്ടി പള്ളിക്കുള്ളിൽ പ്രാർഥനായജ്ഞം നടത്തിവരികയായിരുന്നു.