തൃശൂർ: ആരും നേരിൽ കണ്ടാൽ അതിശയത്തോടെ തലയിൽ കൈവച്ചു പോകും. ഒരു പള്ളിയുടെ ഭാഗം അങ്ങനെ തന്നെ നീക്കിവയ്ക്കുകയാണ്. അധികമാരും കാണാത്ത വിസ്മയം കാണാൻ നെടുപുഴയിലേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കയാണ്. നെടുപുഴ സെന്റ് ജോണ്സ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് ഈ അത്ഭുത കാഴ്ച.
പള്ളിയുടെ നവീകരണത്തിന്റെ ഭാഗമായാണ് 3100 ചതുരശ്രയടി വിസ്തീർണമുള്ള മൂന്നു നില പള്ളിയുടെ സങ്കീർത്തി ഉൾപ്പെടുന്ന കെട്ടിടം ഇളക്കി മാറ്റി ഏഴു മീറ്റർ പിന്നിലേക്ക് നീക്കി വയ്ക്കുന്നത്. ഏറെ സാഹസം നിറഞ്ഞ ഈ ജോലി ഹരിയാനയിലെ പ്രശസ്തമായ ടിഡിബിഡി എൻജിനിയറിംഗ് വർക്സിലെ വിദഗ്ധരായ എൻജിനിയർമാരും ജോലിക്കാരുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിൽ ഇതിനുമുന്പ് തിരുവനന്തപുരത്ത് രണ്ടായിരം ചതുരശ്രയടിയുള്ള ഒരു ഇരുനില കെട്ടിടം ഇതിനുമുന്പ് മാറ്റി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു പള്ളിയുടെ ഭാഗം നീക്കിവയ്ക്കുന്നത് ആദ്യമായാണ്.
കെട്ടിടം ഒന്നാകെ മെക്കാനിക്കൽ ജാക്കി വച്ചുയർത്തി തള്ളിനീക്കിയാണ് പള്ളിയുടെ ഭാഗം പിന്നിലേക്ക് നീക്കികൊണ്ടിരിക്കുന്നത്. 100 അടി നീളവും 50 അടി വീതിയുമുള്ള പള്ളി ഹാളിനോട് ചേർന്നാണ് 50 അടി വീതിയിൽ മൂന്ന് നിലകളിലായുള്ള കെട്ടിടം. താഴെ നില അൾത്താര ഉൾപ്പടെ മദുബഹയാണ്. മുകളിലെ രണ്ടു നിലകളിൽ ആറ് മതബോധന ക്ലാസ് മുറികളാണ്.
രണ്ടര മാസം സമയമാണ് പള്ളി പിന്നിലേക്ക് മാറ്റി സ്ഥാപിക്കാൻ കന്പനി ചോദിച്ചിരിക്കുന്നത്. പള്ളിയുടെ കെട്ടിടം നീക്കുന്നതിനായി ഏഴര ഇഞ്ച് ഉയർത്തി ചാനൽ റെയിലുകളും റോളറുകളും ജാക്കികളിലും കെട്ടിടം ഇരുത്തിയതിനുശേഷമാണ് പിന്നിലേക്ക് നീക്കികൊണ്ടിരിക്കുന്നത്.
ഇതിനകം പത്തടിയോളം പിന്നിലേക്ക് കെട്ടിടം നീക്കി കഴിഞ്ഞു. കെട്ടിടം പിന്നിലേക്ക് നീക്കുന്നതോടെ 25 അടിയോളം പള്ളിക്ക് നീളം കൂടുതൽ കിട്ടും. 22 വർഷം പഴക്കമുള്ള കെട്ടിടമാണ് ഒരനക്കവുമില്ലാതെ നീക്കിക്കൊണ്ടിരിക്കുന്നത്. 450 ജാക്കികളും അനുബന്ധ ഉപകരണങ്ങളുമായാണ് പള്ളിയുടെ ഭാഗം പിന്നിലേക്ക് മാറ്റുന്നത്.
പുതിയത് പണിയുന്നതിലും ലാഭം
പുതിയ കെട്ടിടം പണിയുന്നതിനെ കുറിച്ച് ആലോചിച്ചപ്പോഴാണ് പള്ളിയുടെ ഒരു ഭാഗം പിന്നിലേക്ക് നീക്കിയാലോ എന്ന് ചിന്തിച്ചതെന്ന് വികാരി ഫാ. ജോഷി ആളൂർ പറഞ്ഞു. നാലു വർഷം മുന്പ് തൃശൂർ കേരളവർമ കോളജിനടുത്ത് ഒരു കെട്ടിടം ഇതുപോലെ ജാക്കിവച്ച് ഉയർത്തുന്നത് നേരിൽ കണ്ടതാണ് ഇങ്ങനെയൊരു ചിന്തയിലേക്ക് നയിച്ചതെന്ന് ഫാ. ജോഷി പറഞ്ഞു. ഇടവകാംഗങ്ങളോട് ഇക്കാര്യം പറഞ്ഞപ്പോൾ ആദ്യം പലരും സംശയം പ്രകടിപ്പിച്ചെങ്കിലും താൻ ഉറപ്പു നൽകി. നേരിൽ കണ്ട സംഭവമാണ് ഇങ്ങനെ ഉറപ്പ് നൽകാൻ പ്രേരിപ്പച്ചതെന്ന് ഫാ. ജോഷി പറഞ്ഞു.
3100 ചതുരശ്രയടി വലിപ്പമുള്ള കെട്ടിടം പണിയൻ 46 ലക്ഷം രൂപയാണ് കണക്കാക്കിയത്. എന്നാൽ 22 ലക്ഷം രൂപ മുടക്കിയാൽ പള്ളി പിന്നിലേക്ക് യാതൊരു കുഴപ്പവുമില്ലാതെ മാറ്റി സ്ഥാപിക്കാനാകും. ഇടയിലുള്ള 25 അടിയോളം ഭാഗത്ത് പുതിയ മദുബഹ പണിയാനും സ്ഥലം കിട്ടും. ഈ ആശയം പ്രാവർത്തികമാക്കാൻ തീരുമാനിച്ചതോടെയാണ് കേരളത്തിൽ ആദ്യമായി ഒരു പള്ളി അങ്ങനെ തന്നെ മാറ്റിവയ്ക്കുന്ന ചരിത്രം നെടുപുഴ സെന്റ് ജോണ്സ് ബാപ്റ്റിസ്റ്റ് പള്ളിക്ക് സ്വന്തമാകുന്നത്.
കൂടാതെ പുതിയ കെട്ടിടം പണിയാൻ ചുരുങ്ങിയത് ആറു മാസം വേണം. എന്നാൽ കെട്ടിടം മാറ്റിവയ്ക്കുന്നതോടെ പണം ലാഭം മാത്രമല്ല, സമയ ലാഭവും ലഭിക്കും. രണ്ടര മാസം കൊണ്ട് പള്ളി ഏഴര മീറ്റർ പിന്നിലേക്ക് മാറ്റി സ്ഥാപിക്കാമെന്നാണ് കരാർ.
1,2,3….പളളി നീങ്ങുകയാണ്
ഓരോ നന്പർ എണ്ണുന്പോൾ പള്ളി നീങ്ങിക്കൊണ്ടിരിക്കും. റോളറുകളിൽ ഉയർത്തിവച്ചിരിക്കുന്ന കെട്ടിടം ജാക്കികൾ വച്ചാണ് പിന്നീലേക്ക് നീക്കുന്നത്. 1,2,3 എന്നിങ്ങനെ എണ്ണുന്പോൾ ജോലിക്കാർ ജാക്കികൾ ഒരേ സമയം തിരിച്ചുകൊണ്ടിരിക്കും. അങ്ങനെ ഒറ്റത്തവണ 130 വരെ എണ്ണുന്പോൾ പള്ളി അഞ്ച് ഇഞ്ച് നീങ്ങുമെന്നാണ് കണക്ക്.
പള്ളി മാറ്റി സ്ഥാപിക്കുന്നത് വിദഗ്ധ സംഘം
രാജ്യത്ത് നിരവധി കെട്ടിടങ്ങൾ മാറ്റിസ്ഥാപിച്ച സ്ഥാപനമാണ് ഹരിയാന യമുന നഗറിലെ സുശീൽ സിസോദയുടെ ഉടമസ്ഥതയിലുള്ള ടിഡിബിഡി എൻജിനിയറിംഗ് വർക്സ് പ്രൈവറ്റ് ലിമിറ്റഡ് കന്പനി. നേരത്തെ തിരുവനന്തപുരത്ത് ഒരു വീട് മാറ്റി സ്ഥാപിച്ചിരുന്നു. പല വീടുകളും തറനിരപ്പിൽനിന്നും ഉയർത്തിയിട്ടുണ്ട്.
സേലം കാലക്കുറിശിയിൽ 400 വർഷം പഴക്കമുള്ള ക്ഷേത്രം 65 അടി മാറ്റി 60 ഡിഗ്രിയിൽ ചെരിച്ച് ഇവർ സ്ഥാപിച്ചത് ലിംക ബുക്ക് ഓഫ് റിക്കാർഡ്സിലുണ്ട്. ഇതൊക്കെ ബോധ്യമായതും പള്ളി മാറ്റം ഇവരെ തന്നെ ഏൽപ്പിക്കാൻ തീരുമാനിച്ചത്.
രണ്ട് മാസം മുന്പാണ് പത്തംഗ അംഗ വിദഗ്ദസംഘം നെടുപുഴയിലെത്തി പള്ളിമാറ്റം സംബന്ധിച്ച സാങ്കേതിക നടപടികൾ ആരംഭിച്ചത്. രണ്ടാഴ്ച മുന്പ് 25 അംഗസംഘം കൂടി എത്തി മെക്കാനിക്കൽ ജാക്കികൾ വച്ച് കെട്ടിടം തറയിൽനിന്നും ഉയർത്തി്. ഇപ്പോൾ പിന്നിലേക്ക് തള്ളി നീക്കികൊണ്ടിരിക്കയാണ്. ഒന്നിടവിട്ട ദിവസങ്ങളിലാണ് തള്ളി നീക്കുന്നത്. ഇനി ഒരാഴ്ചക്കകം നീക്കം പൂർണമാകുമെന്നാണ് പ്രതീക്ഷയെന്ന് ഫാ. ജോഷി പറഞ്ഞു.
വിവരമറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ പള്ളി മാറ്റി സ്ഥാപിക്കുന്നത് കാണാൻ ഇവിടെ എത്തുന്നുണ്ട്.