കിഴക്കമ്പലം: പള്ളിക്കര പവർ ഗ്രിഡിനു സമീപത്തെ ഇടുങ്ങിയ കലുങ്ക് വാഹന യാത്രികർക്ക് ഭീഷണിയാകുന്നു. റോഡിന്റെ ബാക്കിയുള്ള ഭാഗത്ത് വീതിയുണ്ടെങ്കിലും കലുങ്കുള്ള ഭാഗത്തെത്തുമ്പോൾ റോഡ് ഇടുങ്ങുന്നതുമൂലം അപകടങ്ങൾ വർധിക്കുകയാണ്. രണ്ടു വലിയ വാഹനങ്ങൾക്ക് ഒരേ സമയം ഇതുവഴി കടന്നുപോകാൻ സാധിക്കില്ല. റോഡിന്റെ മറ്റു ഭാഗങ്ങളിൽ ആവശ്യത്തിനു വീതിയുണ്ടെങ്കിലും അതറിയാതെ ഈ ഭാഗത്ത് വേഗത്തിൽ ഓടിച്ചു പോകുന്നവർ അപകടത്തിൽപ്പെടുകയാണ്.
പള്ളിക്കര ജംഗ്ഷനിൽ നിന്നു കാക്കനാടേക്ക് തിരിയുന്ന ജംഗ്ഷനിൽ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇടുങ്ങിയ ജംഗ്ഷനായതിനാൽ വലിയ വാഹനങ്ങൾ ഏറെ പണിപ്പെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. ലോ ഫ്ലോർ ബസുകളാണ് തിരിയുവാൻ ഏറെ ബുദ്ധിമുട്ടുന്നത്. പള്ളിക്കര ജംഗ്ഷനു സമീപമുള്ള ആനാടത്ത് പാടം റോഡ് പള്ളിക്കര പവർ ഗ്രിഡിനു സമീപത്തായി എത്തിക്കാവുന്ന ബൈപ്പാസ് റോഡ് നിർമ്മിച്ചാൽ ഇവിടുത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
ഒരു കിലോമീറ്റർ താഴെ മാത്രം വരുന്ന ഈ റോഡിന്റെ നിർമ്മാണത്തിന് കുന്നത്തുനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും നടപടിയായില്ല. റോഡ് നിർമ്മാണത്തിന് ജില്ലാ പഞ്ചായത്ത് ഫണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. കുറച്ചു സ്ഥലം മാത്രമാണ് ഈ റോഡുകൾക്കായി ഏറ്റെടുക്കേണ്ടി വരുന്നത്.
കൂടാതെ പവർ ഗ്രിഡിനു സമീപത്തുനിന്നു ചന്തക്കടവ് വഴി മാർക്കറ്റ് ജംഗ്ഷനിലേക്ക് റോഡ് നിർമ്മിക്കാനുള്ള പദ്ധതിയും ഉണ്ടെങ്കിലും പഞ്ചായത്ത് വേണ്ട നടപടികൾ കൈക്കൊള്ളുന്നില്ല. പള്ളിക്കര ജംഗ്ഷനിലെ കുരിശുപള്ളി റോഡ് വികസനത്തിനായി വിട്ടുനൽകാമെന്ന് പള്ളിക്കര കത്തീഡ്രൽ നേരത്തെ തീരുമാനം എടുത്തെങ്കിലും പഞ്ചായത്ത് ഭാഗത്ത് നിന്ന് നടപടിയില്ലാത്തതിനാൽ വികസനം വഴിമുട്ടുന്നെന്നാണ് ആക്ഷേപം.