പള്ളിക്കര: പഞ്ചായത്തിന്റെ അനുമതിയോടെ ഒന്നര ലക്ഷം രൂപയോളം ചെലവു ചെയ്തു ഒരു മേഖലയിലെ മാലിന്യങ്ങളും ചപ്പുചവറുകളും നീക്കം ചെയ്തു. ക്ലീനാക്കിയ പള്ളിക്കര മർച്ചന്റ്സ് അസോസിയേഷനെതിരേ നൽകിയ പരാതിക്കു പിന്നിൽ വ്യാപാരികളോടുള്ള കുടിപ്പകയെന്ന ആരോപണം ശക്തമാകുന്നു.
കുന്നത്തുനാട് പഞ്ചായത്തിന്റെ അനുമതിയോടെ എരുമേലി അച്ചപ്പൻ കവല മുതൽ അന്പലപ്പടി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാനകളിൾ കെട്ടികിടന്ന മാലിന്യങ്ങളും ചപ്പുചവറുകളും പള്ളിക്കര മർച്ചന്റ്സ് അസോസിയേഷന്റെയും യൂത്ത് വിംഗിന്റെയും നേതൃത്വത്തിൽ മുപ്പതോളം വരുന്ന സന്നദ്ധ പ്രവർത്തകർ ജെസിബിയുടെ സഹായത്തോടെ ഒന്നരലക്ഷത്തിൽപരം രൂപ ചെലവഴിച്ചാണ് വൃത്തിയാക്കിയത്.
എന്നാൽ മണ്ണുമോഷണം ആരോപിച്ചു പള്ളിക്കര മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.ജി. ബാബു, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ടോജി തോമസ് എന്നിവർക്കെതിരേ ചിലർ പരാതി നൽകിയിരിക്കുകയാണ്.
ഹർത്താലിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച വ്യാപാരികളെ താറടിച്ചു കാണിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളതെന്നു വ്യാപാരികളും നാട്ടുകാരും വ്യക്തമാക്കുന്നു. എന്നാൽ ഇതിലൊന്നും തെല്ലു കുലുങ്ങില്ലെന്നും പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും വ്യാപാരികൾ വ്യക്തമാക്കി കഴിഞ്ഞു.
ചിലരെ ചൊടിപ്പിച്ച ചില നന്മ പ്രവർത്തനങ്ങൾ വ്യാപാരികൾ പള്ളിക്കര മേഖലയിൽ ചെയ്തിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഹർത്താലിനെതിരേയുള്ള കാന്പയിൻ. ജനങ്ങളെയാകെ വലച്ചു അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന ഹർത്താലുകൾക്കെതിരേ അസോസിയേഷന്റെ നേതൃത്വത്തിൽ ഗുഡ് ബൈ ഹർത്താൽ കാന്പയിൻ സംഘടിപ്പിച്ചു.
കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി അസോസിയേഷൻ അംഗങ്ങളുടെ എല്ലാ സ്ഥാപനങ്ങളും ഹർത്താൽ ദിനത്തിൽ തുറന്നു പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.
പള്ളിക്കര മർച്ചന്റ്സ് അസോസിയേഷനെയും നേതാക്കളെയും അപകീർത്തിപ്പെടുത്താനും കള്ളക്കേസിൽപ്പെടുത്താനും ഇറങ്ങിയിരിക്കുന്നത് ഹർത്തൽ ദിനത്തിൽ അസോസിയേഷൻ അംഗങ്ങളെ ആക്രമിച്ച കേസിലെ പ്രതികളും അവരുടെ കൂട്ടാളികളുമാണെന്നുംവ്യാപാരികൾ വ്യക്തമാക്കുന്നു.
കാൽ നൂറ്റാണ്ടിലേറെയായി പള്ളിക്കരയിൽ ഒട്ടേറെ സാമൂഹ്യ സുരക്ഷാ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടനയാണ് പള്ളിക്കര മർച്ചന്റ്സ് അസോസിയേഷനെന്നും വ്യാപാരികൾ പറയുന്നു. പൊതുജനങ്ങൾക്കു ഗുണപ്രദമായ രീതിയിൽ പള്ളിക്കര ടൗണ് മുഴുവൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും,
2018-19 കാലയളവിലെ പ്രളയത്തിൽ വീടും കടകളും നഷ്ടപ്പെട്ടു പോയ പറവൂർ, നെടുന്പാശേരി മേഖലകളിലെ അന്പതോളം വരുന്ന വ്യാപാരികൾക്കു പുനരധിവാസം നൽകുകയും പള്ളിക്കരയിൽ എത്തുന്ന ആരും പണമില്ലാത്തതിന്റെ പേരിൽ വിശന്നിരിക്കരുതെന്ന ഉദ്ദേശത്തോടെ നിറവ് എന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതി അസോസിയേഷന്റെ സാധുസഹായ നിധിയുടെ ഭാഗമായി നടപ്പാക്കി വരുന്നുണ്ട്.
അവശരും നിർധനരുമായിട്ടുള്ള ആളുകൾക്ക് പ്രതിമാസ പെൻഷൻ, അർഹരായ രോഗികൾക്കു ചികിത്സാസഹായം, പാവപ്പെട്ട വിദ്യാർത്ഥികൾക്കു പഠനസഹായം, അവരെ ദത്തെടുക്കൽ, സൗജന്യ പിഎസ്സി കോച്ചിംഗ് ക്ലാസ് എന്നിവയും പള്ളിക്കര വ്യാപാരികളുടെ പ്രവർത്തനമേഖലയിൽ ഉൾപ്പെട്ടതാണ്.
ഇത്തരത്തിലുള്ള മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരമായി എറണാകുളം ജില്ലയിലെ ഏറ്റവും നല്ല യൂണിറ്റായി പള്ളിക്കര മർച്ചന്റ്സ് അസോസിയേഷൻ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന വ്യാപാരി നേതാക്കളെയും വ്യാപാരമേഖലയേയും തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ജനറൽ സെക്രട്ടറി എൻ.പി. ജോയി പറഞ്ഞു.