കിഴക്കമ്പലം: ആലുവ-ചിത്രപ്പുഴ റോഡിൽ പള്ളിക്കര പവർ ഗ്രിഡിനു സമീപം റോഡിനിന് വീതിയില്ലാത്തത് വാഹനയാത്രികർക്കു ഭീഷണിയാകുന്നു. പവർഗ്രിഡിനു സമീപത്തെ പാലത്തിന് വീതിയില്ലാത്തതിനാൽ കിഴക്കമ്പലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ റോഡിനു ഇടതു വശത്തെ തോട്ടിലേക്ക് വീണ് അപകടങ്ങൾ സംഭവിക്കുന്നത് പതിവായിട്ടുണ്ട്.
റോഡ് ടാറിംഗ് സമയത്ത് കലുങ്കിന്റെ ഭാഗത്ത് റോഡിന് വീതിയില്ലാത്തതിന്റെ പേരിൽ ഈ ഭാഗം പൊതുമരാമത്ത് അധികൃതർ ഒഴിവാക്കുകയായി രുന്നു. രാത്രി കാലങ്ങളിൽ ഇരുചക്ര വാഹനങ്ങളടക്കം തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടാകുന്നത് നിത്യസംഭവമായിട്ടുണ്ട്. കൂടാതെ എതിർദിശയിൽനിന്നും വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴും പല വാഹനങ്ങളും തോടിലേക്ക് മറിയുന്നുണ്ട്.
പവർഗ്രിഡിന്റെ സ്ഥലം അധികൃതർ കരിങ്കല്ലുപയോഗിച്ച് കെട്ടി തിരിച്ചപ്പോൾ ഇതിന്റെ എതിർവശത്തുള്ള സ്ഥലം പൊതുമരാമത്ത് വകുപ്പിന്റേതായതിനാൽ പവർ ഗ്രിഡുകാർ ഒഴിവാക്കിയിരുന്നു. ഇതു പിന്നീട് വർഷങ്ങളായി തുറന്നുകിടക്കുന്ന സ്ഥലമായി നിലകൊള്ളുകയായിരുന്നു.
പാലത്തിന്റെ വീതി വർധിപ്പിച്ചാൽ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്തിലും കെഎസ്ടിപിക്കും ഇത് സംബന്ധിച്ച് നിരവധി തവണ പരാതികൾ നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. മഴക്കാലമായതിനാൽ കൊടിയ വളവായ ഈ സ്ഥലത്ത് അപകട സാധ്യതയും വർദ്ധിച്ചിട്ടുണ്ട്.
അപായസൂചന കാണിക്കുന്ന ബോർഡുകൾ ഇവിടെ സ്ഥാപിക്കാത്തതും അധികൃതരുടെ അനാസ്ഥയായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ടിപ്പറുകളും സ്വകാര്യ ബസുകളും സ്കൂൾ ബസുകളും ചീറിപ്പായുന്ന പവർ ഗ്രിഡിനു സമീപത്തെ തുറന്നു കിടക്കുന്ന തോടിന്റെ ഭാഗം ഉടൻ അടച്ചു കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.