കൊല്ലം :വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്ളിക്കലാറിന് കുറുകേ പാവുമ്പയില്‍ നിര്‍മിച്ച തടയണ സമീപ പ്രദേശങ്ങളില്‍ വെള്ളം കയറുന്നതിന് കാരണമായെന്ന ആശങ്കയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശവാസികളുമായും ജനപ്രതിനിധികളുമായും ആശയവിനിയമയം നടത്തി. സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇതുസംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്കാന് എ ഡി എമ്മിനെ കളക്ടര്‍ ചുമതലപ്പെടുത്തി.
ഇവിടെ മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതിന് തടയണ കാരണമായിട്ടുണ്ടോ എന്നത് കൂടുതല്‍ ശാസ്ത്രീയമായ പഠനത്തിലൂടെ മാത്രമേ മനസിലാക്കാന്‍ സാധിക്കൂ. നീരൊഴുക്ക് തടസപ്പെടുന്നുണ്ടോയെന്നും തോടിന്റെ വശങ്ങളിലെ കല്‍ക്കെട്ടുകളില്‍ എവിടെയെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.
എന്തെങ്കിലും സാങ്കേതിക ന്യൂനതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയതായി കളക്ടര്‍ പറഞ്ഞു.മൈനര്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ എന്‍ജിനീയര്‍മാര്‍, ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് സാങ്കേതിക വശങ്ങള് പഠിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.
എ ഡി എം പി.ആര്.ഗോപാലകൃഷ്ണന്, തഴവ പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീലത, സ്ഥിരം സമിതി അംഗം കെ കെ കൃഷ്ണകുമാര്‍, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ എന്‍ മനോജ്, ഹാര്‍ബര്‍ എന്‍ജിനീയറിഗ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി അഭിലാഷ്, കുന്നത്തൂര്‍ തഹസില്‍ദാര്‍ ജി കെ പ്രദീപ്, കരുനാഗപ്പള്ളി തഹസില്‍ദാര്‍ സജിത ബീഗം തുടങ്ങിയവര്‍ സന്നിഹിതരായി.