കിഴക്കമ്പലം: ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് കവർ കൊണ്ടു മൂടിയ വീട്ടിൽ അധികൃതരുടെ കനിവ് കാത്ത് ഒരു വൃദ്ധ. കുന്നത്തുനാട് പഞ്ചായത്തിലെ മോറക്കാല പള്ളിമുകള്‍ കോളനിയില്‍ താമസിക്കുന്ന പള്ളിക്കുറുമ്പയാണ് നാൽപ്പത് വർഷമായി വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റിനുള്ളിൽ നരകജീവിതം നയിക്കുന്നത്. ഭർത്താവ് മരിച്ച കുറുമ്പക്ക് നാല് പെൺമക്കളടക്കം ആറു മക്കളാണുള്ളത്.
ഏഴ് വർഷം മുമ്പ് ഉള്ളതെല്ലാം നുള്ളിപ്പെറുക്കിയും പലരിൽ നിന്നും കടം വാങ്ങിയും പണിത വീടിന്റെ തറ ഇന്നും ഉയരാതെ നിൽപ്പാണ്. സർക്കാർ സഹായത്തിനായി പലതവണ അപേക്ഷിച്ചെങ്കിലും തുച്ഛമായി ലഭിക്കുന്ന തുകയുടെ കണക്കിനെപ്പറ്റിയാണ് അധികൃതർ പറഞ്ഞത്. അതോടെ സർക്കാർ സഹായത്തോടെ വീടുപണിയാം എന്ന സ്വപ്നത്തിനും തിരശീല വീണു. നിത്യ ചെലവിനു പോലും പണം കണ്ടെത്താൻ പാടുപെടുന്നതിനിടെയാണ് ഭർത്താവ് മരിച്ച മകൾ വീട്ടിലേക്കു മടങ്ങിയെത്തിയത്.
കൂടെ താമസിക്കുന്ന രണ്ട് ആൺമക്കളുടെ ചെറിയ വരുമാനം കൊണ്ടാണ് ജീവിതം തള്ളി നീക്കുന്നത്. അടച്ചുറപ്പില്ലാത്ത വീട്ടിൽ യാതൊരു വിധ സുരക്ഷിതത്വവുമില്ലാതെയാണ് ഇവരുടെ ജീവിതം. മഴ ശക്തി പ്രാപിച്ചതോടെ വീട്ടിനകത്തു നിറയുന്ന വെള്ളത്തിനു മുകളിലാണ് പള്ളിക്കുറുമ്പയുടെ കിടപ്പ്. ഏത് സമയത്തും നിലം പൊത്താവുന്ന ഒറ്റമുറി വീടിനുള്ളിൽ സർക്കാരിന്റെ കനിവ് കാത്ത് കഴിയുകയാണ് എഴുപത്തഞ്ചുകാരിയായ പള്ളിക്കുറുമ്പ.