ചെറായി : കളമശേരി സ്വദേശിനിയായ 14കാരിയെ പള്ളിപ്പുറത്ത് കൊണ്ടുവന്ന് പീഡിപ്പിച്ച കേസിൽ ഒരു റിട്ടയേർഡ് പോലീസുകാരനുൾപ്പെടെ മൂന്ന് പേരെ മുനന്പം പോലീസ് തെരയുന്നു. കേസെടുത്തതോടെ ഒളിവിൽ പോയ മൂവരും മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.
ബാലിക ആദ്യം മജിസ്ട്രേറ്റിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് ഘട്ടങ്ങളിലായി മൂന്നു പേരെ പോലീസ് കഴിഞ്ഞമാസം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. പള്ളിപ്പുറം കോവിലകത്തും കടവ് വലിയവീട്ടിൽ വിബിൻ റോക്കി -26, പാറയിൽ വീട്ടിൽ സാം ആന്റണി -20 , തിരുവനന്തപുരം വെള്ളനാട് സൂര്യഭവനിൽ വിനോദ് എസ് .കുമാർ -20 എന്നിവരാണ് ആദ്യം അറസ്റ്റിലായത്.
വിനോദ് പള്ളിപ്പുറത്തെ ഒരു ബോട്ട് യാർഡിലും ബാക്കി രണ്ട് പേർ ഇപ്പോൾ പോലീസ് തെരയുന്ന റിട്ടയേർഡ് പോലീസുകാരന്റെ വീട്ടിലും വെച്ചാണ് ബാലികയെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഇതിനു ശേഷം മറ്റൊരു ദിവസം ഈ ബാലികയെ റിട്ടയേർഡ് പോലീസുകാരനും മറ്റ് രണ്ട് യുവാക്കളും പള്ളിപ്പുറത്തെത്തിച്ച് കുഴുപ്പിള്ളി ചെറായി ബീച്ചുകളിൽ കൊണ്ട് വരുകയും ബാലികയ്ക്ക് കഞ്ചാവും മറ്റും നൽകി പീഡിപ്പിച്ചതായും പറയുന്നു.
ഇക്കാര്യം ബാലിക വീണ്ടും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരായി വെളിപ്പെടുത്തിയതിനെ തുടർന്നാണ് പുതുതായി മൂന്ന് പേർക്കെതിരെകൂടി മുനന്പം പോലീസ് കേസെടുത്തത്. പീഡനം കൂടാതെ പ്രായപൂർത്തിയാകാത്ത ബാലികയെകൊണ്ട് കഞ്ചാവ് വലിപ്പിച്ചതിനു ജുവനൈൽ ആക്ടും ചുമത്തിയിട്ടുണ്ട്.
ആദ്യ സംഭവത്തിലെ പ്രതികളിൽ വിബിൻ റോക്കിക്കും, സാം ആന്റണിക്കും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു. ഇതിനിടയിലാണ് ബാലികയുടെ വെളിപ്പെടുത്തലിൽ മറ്റ് മൂന്ന് പേർകൂടി പീഡിപ്പിച്ചതായി അറിയുന്നത്. അവിവാഹിതനായി റിട്ടയേർഡ് പോലീസുകാരൻ തനിച്ചാണ് വീട്ടിൽ താമസം. കൂട്ടിനായി ഇവിടെ നിരവധി യുവാക്കളും എത്താറുണ്ടെന്ന് പോലീസ് പറയുന്നു.