ചെറായി: പള്ളിപ്പുറം പഞ്ചായത്തിലെ 21, 22 വാര്‍ഡുകളും മൂന്നാം വാര്‍ഡിലെ ഹാര്‍ബര്‍ ഉള്‍പ്പെടെയുളള മേഖലകളും കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്നും ഒഴിവായി. എങ്കിലും മുനമ്പത്ത് കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പും പോലീസും അറിയിച്ചു.
മറ്റ് നടപടികളെക്കുറിച്ച് ആലോചിക്കാന്‍ പഞ്ചായത്ത് ഇന്ന് സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. മുനമ്പം കേന്ദ്രീകരിച്ച് ഫൈബര്‍ വള്ളങ്ങളില്‍ മത്സ്യബന്ധനത്തിനു പോകുന്ന തിരുവനന്തപുരം പൊഴിയൂര്‍,
പൂന്തുറ സ്വദേശികളായ മത്സ്യതൊഴിലാളികള്‍ കടല്‍മാര്‍ഗം വള്ളത്തില്‍ തന്നെ ടേണുകളായി നാട്ടില്‍ പോയി തിരികെയെത്തുന്നുവെന്നതായി പോലീസിനും ആരോഗ്യ വകുപ്പിനും രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.
കരമാര്‍ഗ്ഗം നാട്ടിലേക്ക് പോകാന്‍ തരമില്ലാത്ത സാഹചര്യത്തില്‍ ഓരോ വള്ളങ്ങള്‍ ടേണ്‍ അനുസരിച്ച് നാട്ടില്‍ പോകാനുള്ള തൊഴിലാളികളുമായി കടലിലൂടെ യാത്രചെയ്ത് വീട്ടിലെത്തുകായണത്രേ. ഇവര്‍ തിരികെയെത്തിയാല്‍ അടുത്ത ബാച്ചുകാര്‍ യാത്ര തിരിക്കും.
പൂന്തുറ പോലുള്ള മേഖലകള്‍ സൂപ്പര്‍ സ്പ്രെഡ് മേഖലയായിപ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അന്യജില്ലാ മത്സ്യതൊഴിലാളികളുടെ ഈ നടപടി മുനമ്പം മത്സ്യബന്ധനമേഖലക്ക് വിനയാകുമെന്നാണ് ഈ മേഖലയിലെ മത്സ്യതൊഴിലാളികളുടെ ആശങ്ക.
അതേ പോലെ ജില്ലാ ഭരണകൂടത്തിന്റ് അനുമതിയില്ലാതെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍, ലോഡ്ജുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പെയ്ഡ് ക്വാറന്റൈന് സൗകര്യങ്ങള്‍ ഒരുക്കരുതെന്ന് ആരോഗ്യവകുപ്പും പോലീസും അറിയിച്ചു. അനുമതിനേടിയാല്‍ തന്നെ ആരോഗ്യ വകുപ്പിനെയും പോലീസിനെയും അറിയിക്കണം.