പള്ളിപ്പുറം: പള്ളിപ്പുറത്തെ വ്യവസായ വികസന കോർപറേഷന്റെ 65 ഏക്കർ സ്ഥലത്ത് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ മെഗാഫുഡ് പാർക്ക് ഉയരുന്നു. പള്ളിപ്പുറത്ത് വ്യവസായ വിപ്ലവം സാധ്യമാക്കുന്ന ഫുഡ്പാർക്കിൽ 15ഓളം കന്പനികളുടെ നിർമാണമാണ് അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്നത്. 20ൽ അധികം യൂണിറ്റുകളാണ് ഫുഡ്പാർക്കിൽ ഉണ്ടാവുക.
സംസ്ഥാന സർക്കാരിന്റെ ഓഹരി പങ്കാളിത്തമായ 70 കോടി രൂപ, കേന്ദ്രസർക്കാർ ഗ്രാൻഡായ 50 കോടി രൂപ,ബാങ്ക് വായ്പ 10 കോടി രൂപ എന്നിങ്ങനെ 130 കോടി രൂപയാണ് ഫുഡ് പാർക്കിന് അനുവദിച്ചിരിക്കുന്നത്. പാർക്കിനായി നൽകിയ 65 ഏക്കർ സ്ഥലത്തിന് പുറമെ വൈദ്യുതിയും വെളളവും റോഡും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ സംരംഭകർക്കായി നൽകുമെന്നതും പാർക്കിന്റെ പ്രത്യേകതയാണ്.
2017 ജൂണ് 11 ന് നിർമാണം ആരംഭിച്ച ഫുഡ്പാർക്കിൽ ഏറെയും സമുദ്രഭക്ഷ്യ ഉൽപ്പന്നങ്ങളുടെ യൂണിറ്റുകളാണ് ഉണ്ടാകുക. യൂണിറ്റുകൾക്കായുള്ള കെട്ടിടം നിർമിക്കേണ്ട ചുമതല സംരംഭകർക്കു തന്നെയാണ്. മൂന്നു മുതൽ ആറുകോടി രൂപ വരെയാണ് കെട്ടിടനിർമാണത്തിന് സംരംഭകർക്കുള്ള ചെലവ്.
സമുദ്ര ഭക്ഷ്യഉൽപ്പന്നങ്ങൾ പാഴാക്കുന്നത് തടയാനും ഉത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കാനും ഫുഡ് പാർക്ക് ലക്ഷ്യം വയ്ക്കുന്നു. സമുദ്ര ഭക്ഷ്യോത്പന്നങ്ങളുടെ കയറ്റുമതിയെ മുന്നോട്ടു നയിക്കാനും ഉണർവ് പകരുവാനും ഫുഡ്പാർക്ക് കൊണ്ട് സാധിക്കും. കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഫുഡ്്പാർക്കിൽ ഉണ്ട്.
ഫുഡ് പാർക്കിനായുള്ള ജലമാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണവും അവസാന ഘട്ടത്തിലാണ്.2019 മാർച്ചോടെ ഫുഡ്പാർക്ക് പ്രവർത്തക്ഷമമാകും. ഫുഡ്പാർക്ക് വരുന്നതോടെ പ്രദേശത്തെ ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങളുമുണ്ടാകുമെന്ന് ചേന്നം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. ഹരിക്കുട്ടൻ പറഞ്ഞു.
പള്ളിപ്പുറത്തിന് അലങ്കാരമായ മലബാർ സിമന്റ്സ്, എൻജിയറിംഗ് കോളജ്, എന്നിവയ്ക്ക് സമീപമാണ് ഫുഡ് പാർക്ക്. കെഎസ്ഐഡിസിയുടെ 300 ഏക്കർ വ്യവസായ എസ്റ്റേറ്റിനോടു ചേർന്ന് ഇൻഫോപാർക്കിനു ശേഷം ഫുഡ്പാർക്ക് കൂടി വരുന്നതോടെ പള്ളിപ്പുറം വ്യവസായികളുടെ പറുദീസായായി മാറും.