പൂച്ചാക്കൽ: സന്പൂർണ്ണ പ്ലാസ്റ്റിക് നിരോധനവുമായി ചേന്നം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത്.ഇതിന്റെ പ്രഖ്യാപനവും ഹരിത കർമ സേനയുടെ ഉദ്ഘാടനവും പഞ്ചായത്തിൽ നടന്നു. ജീർണിക്കാത്ത പ്ലാസ്റ്റിക് മാലിന്യം ദിനംപ്രതി കുപ്പകളിൽ കുന്നുകൂടുകയും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. മാലിന്യ സംസ്കരണത്തെ സംബന്ധിച്ചിടത്തോളം ഒരു ദുസ്വപ്നമായി പ്ലാസ്റ്റിക് മാലിന്യം മാറിയതോടെ ലോകമാകെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിരോധനമടക്കമുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്.
ഇതിന്റെ ഭാഗമായിട്ടാണ് പള്ളിപ്പുറം പഞ്ചായത്തിലും പദ്ധതി നടപ്പിലാക്കുന്നത് എന്ന് ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ പറഞ്ഞു. പഞ്ചായത്തിൽ നടന്ന ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല ശെൽവരാജ് സന്പൂർണ പ്ലാസ്റ്റിക് നിരോധന പഞ്ചായത്ത് പ്രഖ്യാപനവും ഹരിതസേനയുടെ പ്രവർത്തന ഉദ്ഘാടനവും നിർവഹിച്ചു.
പദ്ധതി നിലവിൽ വരുന്നതോടെ പ്ലാസ്റ്റിക് ഉപയോഗിച്ചാൽ നിയമപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും നിലവിലുള്ള പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യാൻ പഞ്ചായത്തിൽ രൂപികരിച്ചിരിക്കുന്ന ഹരിതകർമ്മസേനയുടെ പ്രവർത്തകർ പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും എത്തി പ്ലാസ്റ്റിക്കുകൾ ശേഖരിക്കുമെന്നും അധികൃതർ അറിയിച്ചു.
പ്ലാസ്റ്റിക്ക് ശേഖരണത്തിന് കരം അടയ്ക്കേണ്ടാത്ത വീടുകൾ 10 രൂപയും മറ്റു വീടുകൾ 25 രൂപയും മാസവരി നൽകണം. സ്ഥാപനങ്ങൾക്ക് 50 രൂപയാണ് നിരക്ക്. ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ പഞ്ചായത്തിന്റെ ശ്രേഡിങ് യൂണിറ്റിലേക്ക് മാറ്റും. പിന്നീട് പൊടിച്ച പ്ലാസ്റ്റിക്കുകൾ റോഡ് നിർമാണത്തിനായി ഉപയോഗിക്കും. തുണികിറ്റുകൾ ഉപയോഗിക്കാൻ എല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകും.
പഞ്ചായത്തിലെ ചടങ്ങുകൾക്ക് പ്ലാസ്റ്റിക്ക് ഗ്ലാസുകളും പ്ലേറ്റുകളും ഒഴിവാക്കി പ്രകൃതി സൗഹൃദ പഞ്ചായതാക്കി ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിനെ മാറ്റാനാണ് പദ്ധതിയിടുന്നത്. ഹരിതസേനയ്ക്കുള്ള യൂണിഫോം വിതരണം ജില്ലാ പഞ്ചായത്ത് മെന്പർ സിന്ധു വിനു നിർവഹിച്ചു. പ്ലാസ്റ്റിക് സംഭരണ കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് രാമകൃഷ്ണൻ നിർവഹിച്ചു. ടോമി ഉലഹന്നാൻ, വി.ഇ. ഒ. ദീപ ആർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിന് പങ്കെടുത്തു.