മൂന്നാർ: പള്ളിവാസലിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി മണികണ്ഠ പ്രഭു(34)വിനെ വെള്ളത്തൂവൽ പോലീസ് മൂന്നാർ പോലീസിനു കൈമാറി. കൊലപാതകം നടന്നതു മൂന്നാർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നതിനാലാണു പ്രതിയെ മൂന്നാർ പോലീസിനു കൈമാറിയത്.
മൂന്നാറിൽനിന്ന് ഏഴു കിലോമീറ്റർ അകലെയുള്ള പള്ളിവാസൽ രണ്ടാംമൈലിൽ ചൊവ്വാഴ്ച രാത്രിയാണു രാജമ്മ (60), മകൾ ഗീത (36) എന്നിവർ ഉളികൊണ്ടുള്ള വെട്ടേറ്റു മരിച്ചത്.
കൊലപാതകത്തിനു ശേഷം പ്രതി വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ, ഡിവൈഎസ്പി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യംചെയ്തു. മൂന്നാർ സിഐ സാം ജോസിന്റെ നേതൃത്വത്തിൽ പ്രതിയുമായി സംഭവസ്ഥലത്തു തെളിവെടുപ്പ് നടത്തി.
ചൊവ്വാഴ്ച രാത്രി 7.30നും 8.30നും ഇടയ്ക്കുള്ള സമയത്താണു കൃത്യം നടന്നതെന്നു പോലീസ് പറഞ്ഞു. രണ്ടാംമൈലിൽ ഏലത്തോട്ട തൊഴിലാളിയായിരുന്ന രാജമ്മയും റിസോർട്ട് ജീവനക്കാരിയായ ഗീതയും ഏലത്തോട്ടത്തിനുള്ളിലെ ഒരു ഷെഡിലാണു താമസിച്ചിരുന്നത്.
ആശാരിപ്പണിക്കാരനായിരുന്ന, രാജമ്മയുടെ ഭർത്താവിന്റെ സഹായി ആയി എത്തിയ മണികണ്ഠപ്രഭു ഗീതയുമായി അടുപ്പത്തിലായി. ഭർത്താവും രണ്ടു മക്കളുമായി കഴിഞ്ഞിരുന്ന ഗീത അവരെ ഉപേക്ഷിച്ച് മണികണ്ഠപ്രഭുവിനൊപ്പം തമിഴ്നാട്ടിലെ തിരുപ്പൂരിലേക്കു പോയി. തിരുപ്പൂരിൽ കഴിയുന്നതിനിടെ പ്രഭു മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും ഈ പെണ്‍കുട്ടിയുമായി ചെന്നൈയിലേക്കു പോകുകയും ചെയ്തു. ഇതോടെ പള്ളിവാസലിൽ തിരിച്ചെത്തിയ ഗീത അമ്മയോടൊപ്പം താമസിച്ചുവരികയായിരുന്നു. ഇതിനിടെ, ഗീതയുടെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചിരുന്നെങ്കിലും ഗീത മടങ്ങിയെത്തിയതോടെ ഇയാൾ രണ്ടാമത് വിവാഹംചെയ്ത സ്ത്രീയെ ഉപേക്ഷിക്കുകയും വീണ്ടും ഗീതയോടൊപ്പം താമസം തുടങ്ങുകയും ചെയ്തു. ഇതിനിടെ, ചെന്നൈയിൽനിന്നു ചൊവ്വാഴ്ച രാത്രി ഏഴിനു പള്ളിവാസലിലെത്തിയ മണികണ്ട പ്രഭു ഗീതയുടെ വീട്ടിൽ എത്തി. ഗീത വിളിച്ചുവരുത്തിയതായിരുന്നു ഇയാളെ. ഇയാൾ എത്തിയതിനെ രാജമ്മ എതിർത്തു.
അമ്മയുടെ എതിർപ്പ് അവഗണിച്ചു ഗീത മണികണ്ഠ പ്രഭുമായി സംസാരിച്ചു. ഗീത ആവശ്യപ്പെട്ട കാര്യങ്ങൾ അംഗീകരിക്കാനാകാതെ തർക്കമായപ്പോൾ ഇയാൾ കൈയിലുണ്ടായിരുന്ന ഉളി ഉപയോഗിച്ച് ഇരുവരെയും മാരകമായി ആക്രമിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
ഗീതയുടെ ശരീരത്തിൽ 17 മുറിവുകളും രാജമ്മയുടെ ശരീരത്തിൽ എട്ടു മുറിവുകളും ഉണ്ടായിരുന്നു. സംഭവം നടന്ന സ്ഥലത്തിനു സമീപംതന്നെ മറ്റു വീടുകൾ ഉണ്ടായിരുന്നെങ്കിലും ആ സമയത്തു ശക്തമായ മഴ പെയ്തിരുന്നതിനാൽ സംഭവം പുറത്തറിഞ്ഞില്ല.