കാലം മാറുന്പോൾ കോലവും മാറും എന്നല്ലേ പറയുന്നത്. കാലത്തിന്റെ മാറ്റത്തിനൊത്ത് പഞ്ചായത്ത് പരിധിയിലെ മുഴുവൻ വിവരങ്ങളും വിരൽത്തുന്പിലാക്കിയിരിക്കുകയാണ് പള്ളിവാസൽ പഞ്ചായത്ത്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ പള്ളിവാസൽ പഞ്ചായത്തിന്റെ സമഗ്ര വിവരങ്ങൾ ഇനി മുതൽ വെബ്സൈറ്റിൽ ലഭിക്കും. explorepallivasalgp.org എന്ന വെബ്സൈറ്റിലൂടെയാണ് ഒറ്റക്ലിക്കിൽ വിവരങ്ങൾ ലഭ്യമാകുന്നത്.
പഞ്ചായത്തിലെ പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങൾ, പ്രാദേശിക വിപണി, പ്രാദേശിക സേവനങ്ങൾ, സർക്കാർതല സേവനങ്ങൾ, താമസസ്ഥലങ്ങൾ, ട്രാൻസ്പോർട്ടേഷൻ തുടങ്ങി സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് വെബ്സൈറ്റ് തയാറാക്കിയിട്ടുള്ളത്.
വിനോദസഞ്ചാരികൾക്കും തദേശീയരായ ആളുകൾക്കും ഒരു പോലെ പ്രയോജനപ്രദമായ നിലയിലാണ് വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ് കുമാർ പറഞ്ഞു.
പള്ളിവാസൽ പഞ്ചായത്തിനായി മൂന്നാർ എൻജിനിയറിംഗ് കോളജ് വിദ്യാർഥികളാണ് വെബ്സൈറ്റ് തയാറാക്കി നൽകിയിട്ടുള്ളത്. വെബ്സൈറ്റ് ലോഞ്ചിംഗിന്റെ ഉദ്ഘാടനം എ. രാജ എംഎൽഎയ നിർവഹിച്ചു. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പങ്കെടുത്തു. വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി പഞ്ചായത്ത് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. പുതിയ വെബ്സൈറ്റ് വിനോദ സഞ്ചാര മേഖലയ്ക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.