കോഴഞ്ചേരി: ഉത്രട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് കോഴഞ്ചേരി കരയുടെ പള്ളിയോടം വണ്ടിപ്പേട്ടയിലുളള മാലിപ്പുരയില്നിന്നു നദിയിലേക്ക് ഇറക്കുന്ന വഴികളിലെ കാടുവെട്ടിത്തെളിച്ചതിനാണ് 9,000 രൂപ! സംഭവവുമായി ബന്ധപ്പെട്ടു പഞ്ചായത്ത് കമ്മിറ്റിൽ യോഗത്തില്‍ ഒച്ചപ്പാട്.
300 രൂപ നിരക്കില്‍ 30 മണിക്കൂര്‍ ബ്രഷ് കട്ടര്‍ ഉപയോഗിച്ചാണ് കാടു തെളിച്ചതെന്നാണു വിശദീകരണം. കഴിഞ്ഞ 30 ന് ചേര്‍ന്ന കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ സാധാരണ പൊതുയോഗത്തിലെ 11-ാം വിഷയമായി അജണ്ടയില്‍ ഉള്‍പ്പെടുത്തി പണം അനുവദിക്കണമെന്നാണു ചെലവിനത്തില്‍ ആവശ്യപ്പെട്ടത്.
ഇതിനെയാണ് ഭരണ, പ്രതിപക്ഷ രാഷ്ട്രീയ വ്യത്യാസമില്ലാതെ അംഗങ്ങള്‍ എതിര്‍ത്തത്. ഒരു കാരണവശാലും തുക അനുവദിക്കാന്‍ കഴിയില്ലെന്നും ഇതിനു പിന്നില്‍ വന്‍ അഴിമതിയാണെന്നും മെംബര്‍മാര്‍ ആരോപിച്ചു.
മാലിപ്പുര സ്ഥിതി ചെയ്യുന്ന ഭാഗത്തുമാത്രമാണ് കുറ്റിക്കാട് ഉണ്ടായിരുന്നതെന്നും ഇത് വെട്ടിത്തെളിച്ചതിന് 30 മണിക്കൂര്‍ വേണമെന്നു പറയുന്നത് വിചിത്രമാണെന്നും മെംബര്‍മാര്‍ ചൂണ്ടിക്കാട്ടി.പഞ്ചായത്ത് അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രം തുക നല്കിയാല് മതിയെന്ന് തീരുമാനിക്കുകയുമായിരുന്നു.