കൊച്ചി: പള്ളുരുത്തി കച്ചേരിപ്പടിയില്‍ കൊലക്കേസ് പ്രതി കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടു പേര് കസ്റ്റഡിയില്‍. കേസില്‍ മുഖ്യ പ്രതി ഫാജിസ്, ചോറ് അച്ചു എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.ആര്. മനോജിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
ഉച്ചയ്ക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഏലൂര്‍ കാഞ്ഞിരക്കുന്നത്ത് വീട്ടില്‍ കരീമിന്റെ മകന് ലാല്ജുവാ (40)ണ് ഇന്നലെ കുത്തേറ്റു മരിച്ചത്. ഇയാളുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോജി കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് നടപടികള്‍ക്കു ശേഷം ലാല്‍ജുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. 2021ല്‍ കുമ്പളങ്ങിയില്‍ നടന്ന ലാസര്‍ ആന്റണി കൊലപാതകത്തിലെ രണ്ടാം പ്രതിയാണ് ലാല്‍ജു. ഈ കേസുമായി ബന്ധപ്പെട്ട് പള്ളുരുത്തി, തോപ്പുംപടി സ്വദേശികളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് ഇന്നലെ വിളിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചക്കിടെ ഇവരുമായി വാക്കേറ്റമുണ്ടായി.
തുടര്‍ന്ന് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. ലാല്‍ജുവിന്റെ വയറിലും നെഞ്ചിലും തോള്ഭാഗത്തുമാണ് കുത്തേറ്റത്. വൈറ്റിലയിലാണ് ലാല്‍ജു താമസിച്ചിരുന്നത്. പിന്നീട് പള്ളുരുത്തിയിലേക്ക് മാറി. ജോജിയുടെ പേരിലും ക്രിമിനല്‍ കേസുകളുണ്ട്. കേസില്‍ മുഖ്യ പ്രതി ഫാജിസ് ഇന്നലെ തന്നെ പിടിയിലായിരുന്നു. പള്ളുരുത്തിയിലെ ബന്ധുവീട്ടില്‍ വച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരേ ലഹരി ഇടപാടുകളടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ചോറ് അച്ചു ഇന്നാണ് പോലീസിന്റെ വലയിലായത്.