പത്തനാപുരം : കിഴക്കന്‍ മേഖലയില്‍ കര്‍ഷകര്‍ എണ്ണപ്പന കൃഷി കൈയൊഴിയുന്നു. സാമ്പത്തിക നഷ്ടവും പനയ്ക്ക് ഉണ്ടാകുന്ന അസുഖങ്ങളും കാരണം കര്‍ഷകര്‍ എണ്ണപ്പന കൃഷിയെ ഒഴിവാക്കുകയാണ്.ജില്ലയുടെ മലയോരമേഖലയിലാണ് എണ്ണപ്പന കൃഷി വ്യാപകമായി ഉണ്ടായിരുന്നത്. പത്തനാപുരം, പുനലൂര്‍, അഞ്ചല്‍, കുളത്തുപ്പൂഴ എന്നിവിടങ്ങളിലാണ് എണ്ണപ്പനകള്‍ കൂടുതലും കൃഷി ചെയ്യുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരമ്പരാഗത കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവിനെ തുടര്‍ന്നാണ് കര്‍ഷകര്‍ എണ്ണപ്പനകൃഷിയിലേക്ക് വഴിമാറിയത്. കേന്ദ്ര സര്‍ക്കാറിന്റെ എണ്ണപ്പന കൃഷി വികസന പദ്ധതിയുടെ സംസ്ഥാനത്തെ നോഡല്‍ ഏജന്‍സിയായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡാണ് എണ്ണപ്പന കൃഷിക്ക് സംസ്ഥാനത്ത് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നത്.
ഓയില്‍ പാമിന്റെ എസ്റ്റേറ്റ് ഉള്‍പ്പെടെ മേഖലയില്‍ 100 ഹെക്ടറിന് മുകളിലാണ് കൃഷി ചെയ്തിരുന്നത്. കുറഞ്ഞത് അഞ്ച് മണിക്കൂര്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ചെരിവുള്ള പ്രദേശങ്ങളാണ് കൃഷിക്ക് അനുയോജ്യം. രണ്ട് മുതല്‍ നാലുമാസം വരെ കടുത്ത വേനലിനെ പ്രതിരോധിക്കാനും എണ്ണപ്പനയ്ക്ക് കഴിയും.
വണ്ട് തുടങ്ങിയ ചെറുപ്രാണികളാണ് പനംങ്കുലയില് പരാഗണത്തിന് സഹായിക്കുന്നത്. കൃഷി വ്യാപിപ്പിക്കുന്നതിനായി ഒരു ഹെക്ടറിന് 32,000 രൂപ എന്ന നിരക്കില്‍ സബ്സിഡിയും നല്‍കിയിരുന്നു.
നിലവില്‍ ഒരു കിലോയ്ക്ക് ആറു രൂപ പതിനഞ്ച് പൈസ നിരക്കിലാണ് പഴങ്ങള്‍ സംഭരിക്കുന്നത്. എന്നാല്‍ കൃഷി വ്യാപിപ്പിക്കുവാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ മിക്കതും നിലച്ചു. ഇത് ചെറുകിട കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി. അസുഖം ബാധിച്ച് എണ്ണപ്പനകള്‍ക്ക് കൃഷിവകുപ്പില്‍ നിന്നും സഹായം ലഭിച്ചിട്ടില്ല.