കോട്ടയം: നാളെ ഓശാനത്തിരുനാള്‍. വിശ്വാസികള്‍ക്ക് വലിയ നോമ്പിലെ വലിയ ആഴ്ചയിലേക്കുള്ള പ്രവേശനദിനമാണ് ഓശാന ഞായര്‍. യേശുവിന്റെ രാജകീയ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് നാളെ ആശീര്‍വദിക്കപ്പെട്ട കുരുത്തോലകളേന്തി ഓശാനഗീതങ്ങള്‍ ആലപിച്ച് വിശ്വാസികള്‍ പ്രദക്ഷിണമായി ദേവാലയങ്ങളിലേക്ക് പ്രവേശിക്കും.
കേരളത്തിലെ വിശ്വാസികള്‍ക്ക് ഇത് കുരുത്തോലത്തിരുനാളാണ്. ഇളം തെങ്ങോലകള്‍ കൈകളിലേന്തിയുള്ള ഓശാന യാചരണത്തിനു ശേഷം അവ വീടുകളില്‍ പ്രതിഷ്ഠിക്കുമ്പോള്‍ അത് സുരക്ഷയുടെ കരുതലായി മാറും.
പ്രാര്‍ഥനയും ഉപവാസവും തീര്‍ഥാടനവുമായി വിശ്വാസികള്‍ പീഡാനുഭവവാരത്തിന്റെ വിശുദ്ധാനുഭവത്തിലേക്കു കടക്കും. പെസഹാവ്യാഴം, ദുഃഖവെള്ളി, ദുഃഖശനി ദിനങ്ങളിലെ സഹനാനുഭവങ്ങള്ക്കുശേഷം തിരുവുത്ഥാനത്തിന്റെ പുണ്യദിനത്തിലേക്കുള്ള പ്രയാണത്തിലാണ് ക്രൈസ്തവര്‍.