ചെറുതോണി: കള്ളിനായി പനചെത്ത് കുറഞ്ഞതോടെ പനങ്കുരുവിന് ഹൈറേഞ്ചിൽ ആവശ്യക്കാരേറി. പഴുത്ത പനങ്കുല വെട്ടി വലിയ കയറിൽ തൂക്കിയിറക്കി വ്യാപാര കേന്ദ്രത്തിലെത്തിച്ചാൽ കിലോക്ക് 12 രൂപ വരെ ലഭിക്കും. പനങ്കുരു ചീയിച്ച് തൊലികളഞ്ഞ് ഉണക്കിയാൽ 40 മുതൽ 50 രൂപ വരെയും വില ലഭിക്കും.
പഴുത്ത പനങ്കുരു ഒരാഴ്ചയോളം കൂട്ടിയിട്ടാൽ അത് ചീയും. ഇതിനു മുകളിലൂടെ ജീപ്പ് കയറ്റിയിറക്കിയാണ് തൊലി കളയുന്നത്. പിന്നീട് ഏതാനും ദിവസം വെയിലത്തിട്ടാൽ വില്പനയ്ക്ക് തയാറാകും.
പനയിൽ കയറി കുല വെട്ടിയിറക്കുന്നതും വ്യാപാര കേന്ദ്രത്തിലെത്തിക്കുന്നതും അല്പം ദുരിതപൂർണമായ ജോലിയാണ്. ഇതിന്റെ വെള്ളം ശരീരത്ത് പറ്റിയാൽ ചെറിച്ചിലുണ്ടാകും.
ഒരു ശരാശരി കുല 150-200 കിലോ വരെ തൂക്കം വരും. പറമ്പുടമയ്ക്ക് തുച്ഛമായ തുക നൽകിയും ഒന്നും നൽകാതെയുമൊക്കെയാണ് പലരും പനങ്കുല വെട്ടിയെടുക്കുന്നത്. തമ്പാക്ക് പോലുള്ളവ തയാറാക്കാനാണ് പനങ്കുരു ഉപയോഗിക്കുന്നതെന്ന് പറയപ്പെടുന്നു.