വി.യു. അജീഷ്
തൃശൂർ: രാത്രികാലങ്ങളിൽ ടോൾപ്ലാസ കടന്ന് ആന്പല്ലൂരിൽ സുരക്ഷിതമായി എത്തണമെങ്കിൽ വാഹനമോടിക്കാൻ സഞ്ചാരികൾക്കു ഡ്രൈവിംഗ് അറിഞ്ഞാൽമാത്രം പോരാ, ദൈവാനുഗ്രഹവും ഭാഗ്യവും അല്പം അഭ്യാസവും വേണം.
ടോൾപ്ലാസയ്ക്കു സമീപത്തെ വാഹന പാർക്കിംഗാണ് രാത്രികാലങ്ങളിൽ അപകടത്തിനു വഴിവയ്ക്കുന്നത്. റോഡിന്റെ പകുതിയിലധികം കവർന്നാണ് ഇവിടെ വാഹന പാർക്കിംഗ്.
ഇരുചക്രവാഹനങ്ങളാണ് കൂടുതൽ അപകടങ്ങളിൽപ്പെടുന്നത്. തൃശൂർ- മണ്ണുത്തി ഭാഗങ്ങളിൽനിന്നു വരുന്ന ഇരുചക്രവാഹനങ്ങൾക്കു റോഡിലേക്കു തള്ളി നിർത്തിയിടുന്ന ഈ വലിയ വാഹനങ്ങളെ മറികടന്നുവേണം മുന്നോട്ടുപോകാൻ.
അന്യസംസ്ഥാന വാഹനങ്ങളുൾപ്പടെ പാർക്കുചെയ്യുന്ന ഇവിടെ, വാഹനങ്ങൾ പാർക്കുചെയ്യുന്നിടത്തുനിന്നും അശ്രദ്ധമായി റോഡിലേക്കെടുക്കുന്നതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.
ടോൾബൂത്തിനു മുന്നിലും വാഹനങ്ങളുടെ അശ്രദ്ധമായ കയറിവരവുമൂലം സമീപത്തെ പെട്രോൾ പന്പിനുള്ളിലൂടെവേണം ഇരുചക്രവാഹനങ്ങൾക്കു കടന്നുവരാൻ. തിരക്കേറിയ സമയങ്ങളിൽ ആംബുലൻസുകൾ പോലും ഇതിലൂടെയാണ് കടന്നുവരുന്നത്.
കഴിഞ്ഞ ശനിയാഴ്ച പാർക്കുചെയ്ത വാഹനത്തിനു പിന്നിൽ ബൈക്കിടിച്ച് ഒരാൾ അന്നും രണ്ടാമത്തെയാൾ കഴിഞ്ഞദിവസവും മരണപ്പെട്ടത് അശ്രദ്ധവും അശാസ്ത്രീയവുമായ പാർക്കിംഗിന്റെ ഫലമായിരുന്നു.
പകൽസമയങ്ങളിലും ഇവിടെ അപകടങ്ങൾ കുറവല്ല. ആന്പല്ലൂരിൽനിന്നും തൃശൂർ ഭാഗത്തേക്കുവരുന്ന ബൈക്ക് യാത്രികർക്കു റേസിംഗ് പരിശീലനം ഉണ്ടെങ്കിൽ മാത്രമേ സുരക്ഷിതമായി കടന്നുപോകാനാകൂ.
ഫാസ്ടാഗ് ഇല്ലാതെ പണമടച്ച് വാഹനങ്ങൾക്കു കടന്നുപോകാവുന്ന പാതയിൽനിന്ന് ഇരുചക്രവാഹനപാതയിലേക്കു വാഹനങ്ങൾ കയറിനില്ക്കുന്പോൾ, റോഡിന്റെ ചെരിവിലൂടെ വശങ്ങളിലെ ഇരുന്പുസംരക്ഷണഭിത്തിക്കിടയിലൂടെ വേണം ഇരുചക്രവാഹനങ്ങൾക്കു ടോൾപ്ലാസ മറികടക്കാൻ. വാഹനങ്ങൾ ഇരുചക്ര – മുച്ചക്ര വാഹനങ്ങളുടെ പാതയിൽ കയറാതിരിക്കാനുള്ള നടപടികളും ടോൾ അധികൃതർ സ്വീകരിക്കുന്നില്ല.
രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് കർശനമായ സമയത്തു റോഡിലേക്കു കയറിയുള്ള പാർക്കിംഗ് കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ വീണ്ടും പാർക്കിംഗ് വർധിച്ചിരിക്കുകയാണ്. ടോൾപ്ലാസ അധികൃതരും വാഹനയാത്രികർക്കു സുരക്ഷയൊരുക്കാതെ മൗനം പാലിക്കുകയാണ്.