പാലോട്: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ.
ആറു വയസുകാരി മകളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം പോയതിനെ പിന്നാലെ കഴിഞ്ഞ മാസം ഏഴിന് രാവിലെയാണ് തെന്നൂർ വേലംകോണം സ്വദേശി മുഹമ്മദ് സജീറിനെ (32, ദീപു ) വീടിനു സമീപത്തെ റബർ പുരയിടത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഭാര്യ വാമനപുരം ആനച്ചൽ ലക്ഷം വീട് കോളനിയിൽ ഷിബിന (29), കാമുകൻ അരുവിക്കര ചെറിയ കൊണ്ണി ഗോകുൽ വിലാസം കട്ടറകുഴി വീട്ടിൽ ഗോകുൽ (28) എന്നിവരാണ് മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പ് എഴുതി വച്ച ശേഷമായിരുന്നു ദീപുവിന്റെ ആത്മഹത്യ.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പാലോട് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ക്രിസ്തുമത വിശ്വാസിയായിരുന്ന ദീപു ഏഴ് വർഷം മുമ്പാണ് ഇസ്ലാം മതം സ്വീകരിച്ച് ഷിബിനയെ വിവാഹം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഗോകുലുമായുള്ള ഷിബിനയുടെ ബന്ധം മനസിലാക്കിയ ദീപു പിന്തിരിപ്പിക്കാൻ പലതവണ ശ്രമിച്ചിരുന്നുവത്രെ. ഇതിനൊടുവിലാണ് ഇരുവരും കടന്ന് കളഞ്ഞത്. പാലോട് സിഐ കെ.ബി. മനോജ് കുമാർ, എസ്ഐ അഷ്റഫ്, എഎസ്ഐ ഇർഷാദ്, സിപിഒമാരായ സാജൻ, രാജേഷ്, നസീറ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.പ്രതികളെ കോടതി റിമാൻഡ് ചെയ്തു.