തിരുവനന്തപുരം: എൻഎസ്എസിനെതിരായ സിപിഎം ആക്ടിങ് സെക്രട്ടറി വിജയരാഘവന്റെ നിലപാട് അപക്വവും തെറ്റിദ്ധാരണാജനകവുമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ഡെപ്യുട്ടി സ്പീക്കറുമായ പാലോട് രവി.
വർഗീയശക്തികളെ സഹായിക്കുന്നതാണ് വിജയരാഘവന്റെ ലേഖനത്തിലെ പരാമർശങ്ങൾ. ചരിത്രത്തെ വളച്ചൊടിക്കാനുള്ള സിപിഎമ്മിന്റെ ദുഷ്ടലാക്കാണ് ലേഖനത്തിലുടനീളം പ്രതിഫലിക്കുന്നത്.
കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളിൽ കമ്യുണിസ്റ്റ് പാർട്ടിയേക്കാൾ പാരമ്പര്യവും ആത്മാർത്ഥതയും ആർജവവുമുള്ള പ്രസ്ഥാനമാണ് എൻഎസ്എസ്.
കമ്മ്യുണിസ്റ്റ് പാർട്ടി രൂപംകൊള്ളുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും വർഗീയതയ്ക്കും വിവേചനങ്ങൾക്കുമെതിരെ പോരാടി പുരോഗമനപ്രസ്ഥാനങ്ങൾക്ക് മാതൃകകാട്ടികൊണ്ടാണ് എൻഎസ്എസ് സമൂഹത്തിൽ വേരുറപ്പിച്ചത്.
എൻഎസ്എസ് എന്ത് പറയണമെന്നും പ്രവർത്തിക്കണമെന്നും ആജ്ഞാപിക്കാനുള്ള മാർക്സിസ്റ്റുപാർട്ടിയുടെ ശ്രമം ഔദ്ധത്യത്തിൽ കുറഞ്ഞൊന്നുമല്ല-പാലോട് രവി പ്രസ്താവനയിൽ പറഞ്ഞു.