കൊച്ചി: യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസ് നിർണായക വഴിത്തിരിവിലേക്ക്. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ ഉടൻ നിർണായക അറസ്റ്റ് ഉണ്ടായേക്കുമെന്നാണു സൂചന.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശാനുസരണം അന്വേഷണത്തിനു നേതൃത്വം നൽകുന്നതിനായി കൊച്ചിയിലെത്തിയ ക്രൈംബ്രാഞ്ച് നോർത്ത് സോണ് ഐജി ദിനേന്ദ്ര കശ്യപിന്റെ മേൽനോട്ടത്തിലാകും തുടർ നടപടികൾ.
നടിയെ ഉപദ്രവിച്ച കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ എത്രയും വേഗം അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കാൻ പോലീസ് ഒരുങ്ങുന്നത്.
മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയുടെ മൊഴിമാറ്റങ്ങളാണു കേസിൽ വഴിത്തിരിവുണ്ടാക്കിയതെന്നാണു വിവരം. അറസ്റ്റിലായ ഘട്ടത്തിൽ പണത്തിനുവേണ്ടി സ്വയം ചെയ്ത കുറ്റമെന്നു സമ്മതിച്ച പ്രതി രണ്ടു മാസം മുൻപാണു ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തൽ ആദ്യം നടത്തിയത്. ആദ്യഘട്ടത്തിൽ പൾസർ സുനിലിന്റെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തില്ല.
പിന്നീട് മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ പുറത്തു വരാൻ തുടങ്ങിയതോടെ അന്വേഷണ സംഘം നടൻ ദിലീപ്, സംവിധായകൻ നാദിർഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തിരുന്നു. തുടർന്നു നടി കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം “ജോർജേട്ടൻസ് പൂര’ ത്തിന്റെ ലൊക്കേഷനിൽ സുനിൽകുമാർ എത്തിയതിന്റെ തെളിവുകളും ലഭിച്ചു.
അതേസമയം, നടിയെ പ്രതി പർസർ സുനി വാഹനത്തിൽവച്ച് ശാരീരികമായി അപമാനിക്കുന്നതിന്റേതെന്നു കരുതുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചെന്നാണു വിവരം. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലാണു പോലീസ്. തന്നെ സുനി ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നു നടി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
നടിയെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ ഏൽപ്പിച്ചെന്നുമൊക്കെയാണ് ചോദ്യംചെയ്യലിൽ സുനി ആദ്യം പറഞ്ഞിരുന്നത്. അന്വേഷണപുരോഗതി വിലയിരുത്താൻ ഇന്നലെ പോലീസ് ആസ്ഥാനത്ത് ഡിജിപി യോഗംവിളിച്ചിരുന്നു. യോഗത്തിൽ ഐജി ദിനേന്ദ്ര കശ്യപിനോട് അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കണമെന്നു ബെഹ്റ നിർദേശിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സംഭവത്തിലെഅന്വേഷണം ഇനിയും വൈകിക്കൂടെന്നും യോഗത്തിൽ പോലീസ് മേധാവി പറഞ്ഞു. കേസ്ഡയറി വിളിച്ചുവരുത്തി പരിശോധിച്ച ഡിജിപി കേസന്വേഷണം ഇഴയുന്നതിൽ അതൃപ്തിയും രേഖപ്പെടുത്തി. അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ പങ്കുണ്ടെന്നു സംശയിക്കുന്ന മാഡം ആരാണെന്നു തനിക്കറിയില്ലെന്നു അഡ്വ. ഫെനി ബാലകൃഷ്ണൻ മൊഴി നൽകി. ആലുവ പോലീസ് ക്ലബിൽ അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്തപ്പോഴാണ് ഇങ്ങനെ മൊഴി നൽകിയത്.
നടിയെ ഉപദ്രവിച്ച സംഭവത്തിനുശേഷം പൾസർ സുനിയുടെ രണ്ടു സുഹൃത്തുക്കൾ നിയമസഹായം അഭ്യർഥിച്ചു തന്നെ സമീപിച്ചപ്പോൾ ഒരു മാഡത്തെക്കുറിച്ചു പറഞ്ഞെന്നു ഫെനി ബാലകൃഷ്ണൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നായിരുന്നു ചോദ്യംചെയ്യൽ. തന്നെ വന്നു കണ്ടവരുമായുള്ള സംഭാഷണത്തിനിടയിൽ മാഡം എന്ന പരാമർശമുണ്ടായെന്നും കൂടുതൽ വിവരങ്ങൾ തനിക്കറിയില്ലെന്നുമാണു ഫെനി അന്വേഷണസംഘത്തോടു പറഞ്ഞത്.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടു മുതൽ രണ്ട് മണിക്കൂറോളം ഫെനിയെ ചോദ്യംചെയ്തു. പൾസർ സുനി കീഴടങ്ങുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ മനോജും മഹേഷുമാണു തന്നെ സമീപിച്ചതെന്നു ഫെനി പറഞ്ഞു. മാവേലിക്കരയിലാണു തന്നെ വന്നു കണ്ടത്. സംസാരശേഷം മാഡത്തോടു ചോദിച്ചിട്ടു മറുപടി പറയാമെന്നു പറഞ്ഞ് ഇരുവരും തിരിച്ചുപോകുകയായിരുന്നു. ഇവരെ തിരിച്ചറിയാനുള്ള അടയാളങ്ങൾ ഫെനി പോലീസിനെ ധരിപ്പിച്ചു.
പോലീസിനു സംശയമുള്ളവരുടെ ചില ചിത്രങ്ങൾ തന്നെ കാണിച്ചതായും അതിൽ ചിലതു തിരിച്ചറിഞ്ഞതായും ഫെനി പറഞ്ഞു. മാവേലിക്കരയിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വന്നയാളുകളെപ്പറ്റി കൂടുതൽ വ്യക്തത വരുമെന്ന് അന്വേഷണ സംഘത്തെ ധരിപ്പിച്ചു. സംഭവത്തിനു പിന്നിലുള്ള മാഡമായി രണ്ടു പ്രമുഖ നടിമാരുടെ പേരു പറയാൻ സമ്മർദമുണ്ടായെന്നു ഫെനി ബാലകൃഷ്ണൻ പറയുന്നുണ്ട്.
സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയായ വിമെൻ ഇൻ സിനിമാ കളക്ടീവിന്റെ നേതൃനിരയിലുള്ള രണ്ടു നടിമാരുടെ പേരുകൾ പറയണമെന്നാവശ്യപ്പെട്ടാണു തന്നെ അറിയുന്നവരും അറിയാത്തവരുമായ പലരും സമ്മർദം ചെലുത്തിയത്. സമ്മർദം അധികമായപ്പോൾ താൻ പോലീസിൽ പരാതിപ്പെടുമെന്നു പറഞ്ഞതിനുശേഷം ഇവരുടെ ശല്യമുണ്ടായില്ല.
ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ടെന്നും ഫെനി പറഞ്ഞു. ഈ വിവരങ്ങളെല്ലാം കോർത്തിണക്കി അന്വേഷണവുമായി മുന്നോട്ട് പോകുന്ന അന്വേഷണ സംഘം അറസ്റ്റ് ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങളിലേക്കു വരും ദിവസങ്ങളിൽ കടക്കുമെന്നാണു സൂചന.