കൊച്ചി: പാലത്തായി പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് നുണ പറയുന്ന ശീലമുണ്ടെന്നും മൊഴി വിശ്വസനീയമല്ലെന്നും വ്യക്തമാക്കി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
പാനൂര്‍ പാലത്തായിയിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയും അധ്യാപകനുമായ കെ. പദ്മരാജന് തലശേരി പോക്സോ കോടതി ജാമ്യം അനുവദിച്ചതിനെതിരേ ഇരയുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് സംഘം റിപ്പോര്‍ട്ട് നല്‍കിയത്.
പെണ്‍കുട്ടിയുടെ മൊഴി മനഃശാസ്ത്രപരമായി വിശകലനം ചെയ്യേണ്ടതുണ്ട്. വിചിത്ര ഭാവനയുള്ള കുട്ടിയാണിതെന്നും സാമൂഹ്യനീതി വകുപ്പിലെ കൗണ്‍സിലര്‍മാര്‍ നല്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരി 15 മുതല്‍ ഫെബ്രുവരി രണ്ടു വരെയുള്ള കാലയളവിലാണ് പീഡിപ്പിച്ചതെന്നാണ് പരാതി. തീയതികളുടെ കാര്യത്തിലും ചില അസ്വാഭാവികത നിലനില്‍ക്കുന്നുണ്ട്.
പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷം നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇരയുടെ മൊഴി പൂര്‍ണ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലത്തായി പീഡനക്കേസിലെ പ്രതി പദ്മരജനെതിരേ പോക്സോ ചുമത്താത്തതിനാലാണ് തലശേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ പോക്സോ പ്രകാരമുള്ള കുറ്റം ചുമത്താത്ത കേസ് എങ്ങനെയാണ് പോക്സോ കോടതി പരിഗണിക്കുന്നതെന്ന ചോദ്യമാണ് ഹര്‍ജിയിൽ ഉന്നയിക്കുന്നത്.
കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടിലും ഒരു സാക്ഷി മൊഴിയിലും പീഡനം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇതു രണ്ടും ഒഴിവാക്കിയാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയതെന്നും ഹര്‍ജിക്കാര്‍ പറയുന്നു.
ഹര്‍ജി വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി.