കണ്ണെത്താ ദൂരത്തെ കാഴ്ചകൾ. ഏതുസമയവും വീശിയടിക്കുന്ന ഇളം കാറ്റ്. വര്‍ഷത്തില്‍ ഏറിയ പങ്കും മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞ്…പശ്ചിമഘട്ട മലനിരകളിൽ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന പാലുകാച്ചി മലയുടെ സവിശേഷതകളേറെയാണ്.
സാഹസികതയും വനത്തിന്റെ കുളിർമയും ഒത്തിണങ്ങിയ ഇവിടം സഞ്ചാരികള്‍ക്ക് സുഖകരമായ അനുഭൂതി പ്രദാനം ചെയ്യുന്നു. സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും വിസ്മയകരമായ ദൃശ്യങ്ങളാണ് പാലുകാച്ചി മല സമ്മാനിക്കുന്നത്.
മേഘങ്ങൾ കൈയെത്തുന്ന ദൂരത്തിൽ നിൽക്കുന്ന കാഴ്ച കർണാനന്ദകരമാണ്. സമുദ്രനിരപ്പില്‍നിന്ന് 1200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടം തീർഥാടനകേന്ദ്രം കൂടിയാണ്.
കേളകത്തുനിന്ന് ശാന്തിഗിരി വഴിയും കൊട്ടിയൂരിൽനിന്ന് പന്നിയാംമല വഴിയും ഇവിടേക്കെത്താം.
കേളകം: പ്രകൃതിരമണീയമായ പാലുകാച്ചി മലയിൽ ഇക്കോ ടൂറിസം പദ്ധതിക്കുള്ള സാധ്യതയേറി. ഇതിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന്റെയും കേളകം, കൊട്ടിയൂർ പഞ്ചായത്തുകളുടെയും നേതൃത്വത്തിലുള്ള സംഘം ഇന്നലെ പാലുകാച്ചി മല സന്ദർശിച്ചു.
ഇക്കോ ടൂറിസത്തിന്റെയും ട്രക്കിംഗിന്റെയും സാധ്യതകൾ സംഘം വിലയിരുത്തി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.വി. പ്രശാന്ത്, ഡിടിപിസി സെക്രട്ടറി കെ.സി. ശ്രീനിവാസൻ, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.
പ്രദേശത്ത് ഇക്കോ ടൂറിസത്തിന്റെ സാധ്യതകൾ ഏറെയാണെന്ന് സ്ഥലം സന്ദർശിച്ച ടൂറിസം വകുപ്പ് അധികൃതർ വിലയിരുത്തി. വനഭൂമി ഉൾപ്പെട്ട പ്രദേശമായതിനാൽ വനംവകുപ്പിന്റെ അനുമതിയാണ് പദ്ധതിക്കായി ആദ്യം വേണ്ടത്.
കേളകം, കൊട്ടിയൂർ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഡിഎഫ്ഒയെ സന്ദർശിച്ച് അനുമതിക്കാവശ്യമായ നടപടികൾ സ്വീകരിക്കും.
ട്രക്കിംഗ് ആരംഭിക്കുന്ന സെന്റ് തോമസ് മൗണ്ടിനോടു ചേർന്നുള്ള പ്രദേശം പാലുകാച്ചി മല ടൂറിസത്തിന്റെ പ്രവേശന കവാടമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ചും സംഘം ചർച്ച ചെയ്തു.
ഇവിടേക്കുള്ള റോഡുവികസനവും പ്രദേശത്തെ സ്വകാര്യവ്യക്തികളുടെയും ആരാധനാലയങ്ങളുടെയും അധീനതയിലുള്ള സ്ഥലങ്ങൾ ഏറ്റെടുത്തോ ലീസിനെടുത്തോ സഞ്ചാരികൾക്ക് പാർക്കിംഗ് അടക്കമുള്ള സൗകര്യങ്ങൾ എർപ്പെടുത്തുന്ന കാര്യങ്ങളും സംഘം ചർച്ച ചെയ്തു.
അനുമതികൾ വാങ്ങി വിശദമായ പദ്ധതിരേഖ തയാറാക്കി ടൂറിസം വകുപ്പിന് സമർപ്പിക്കാൻ രണ്ടു പഞ്ചായത്തുകളും സംയുക്തമായി തീരുമാനിച്ചു. കേളകം പഞ്ചായത്തിലുൾപ്പെട്ട വെള്ളൂന്നി കണ്ടംതോട് പുൽമേടിലും സംഘം സന്ദർശനം നടത്തി.
മലഞ്ചെരുവിലെ ഹെക്ടറുകളോളമുള്ള പുൽമേടിന്റെ ടൂറിസം സാധ്യതകളും സംഘം വിലയിരുത്തി. കൊട്ടിയൂർ പഞ്ചായത്ത് സെക്രട്ടറി കെ.കെ.സത്യൻ, കേളകം പഞ്ചായത്ത് സെക്രട്ടറി പി.കെ.വിനോദ്, അസി.സെക്രട്ടറി എം.സി.ജോഷ്വ, പഞ്ചായത്തംഗങ്ങൾ, വനംവകുപ്പ് മണത്തണ സെക്ഷൻ അധികൃതർ, പ്രദേശങ്ങളിലെ സാമൂഹിക പ്രവർത്തകർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.