മാല മോഷ്ടാക്കള്‍ പല രീതിയില്‍ വരാറുണ്ട്. കൂടുതല്‍ കള്ളന്മാര്‍ക്കും ബൈക്കില്‍ പാഞ്ഞുവന്ന് പൊട്ടിച്ചുകൊണ്ടു പോകുകയാണ് പലരുടെയും രീതി. എന്നാല്‍ കോട്ടയം പാമ്പാടിയില്‍ വയോധികയുടെ മാല മോഷ്ടിച്ച യുവാവാണ് ഏവരെും ഞെട്ടിച്ചിരിക്കുന്നത്. വളരെ മാന്യമായി വന്ന് മാല മോഷ്ടിച്ച കള്ളനെ പിടികൂടാന്‍ അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാര്‍. സംഭവം ഇങ്ങനെ…
വ്യാഴാഴ്ച്ച വൈകുന്നേരം പാമ്പാടി ബസ് സ്റ്റാന്‍ഡിനു സമീപമായിരുന്നു നാടകീയമായ മോഷണം. മഞ്ഞാടി വെള്ളാരംപാറയില്‍ രാജമ്മയെന്ന 70കാരിയാണ് കഥയിലെ ഒരു കഥാപാത്രം. രാജമ്മ ബസ് സ്റ്റാന്‍ഡിലിറങ്ങി ഓട്ടോ സ്റ്റാന്‍ഡിനു സമീപത്തു കൂടി നടന്നു പോകുകയായിരുന്നു. ഒറ്റയ്ക്കായിരുന്നു അവര്‍. ഇതിനിടെ ഒരു യുവാവ് അരികിലെത്തി. തന്നെ അറിയില്ലേ എന്നു ചോദിച്ചു പരിചയം നടിച്ചു. കുശലം പറയുന്നതിനിടെ യുവാവ് ഒരു നമ്പറിട്ടു, മാലയ്‌ക്കെന്താ നീളം കുറഞ്ഞു പോയല്ലോയെന്ന്, ഊരിത്തരൂ നോക്കട്ടെയെന്നും കൂടി പറഞ്ഞതോടെ രാജമ്മ കഴുത്തില്‍ നിന്നു മാല ഊരി നല്‍കുകയും ചെയ്തു.
കുറച്ചുനേരം മാല പരിശോധിച്ച യുവാവ് രാജമ്മയുടെ വിശ്വാസം നേടിയെടുത്തു. പിന്നീട് യുവാവ് മാല കയ്യില്‍വച്ച് അളന്നു നോക്കുന്നതു പോലെ ചെയ്ത ശേഷം പെട്ടെന്നു സമീപത്തു വച്ചിരുന്ന സ്കൂട്ടറില്‍ കയറി പാഞ്ഞു പോകുകയായിരുന്നു. നാട്ടുകാര്‍ വിചാരിച്ചത് ഇവര്‍ തമ്മില്‍ പരിചയക്കാരാണെന്നാണ്. വയോധികയ്ക്കാകട്ടെ കാര്യം കത്തിയത് മിനിറ്റുകള്‍ക്കുശേഷമാണ്. ഇയാള്‍ സ്കൂട്ടറില്‍ കയറി പോയപ്പോഴാണ് മോഷണമാണെന്നു വയോധികയും നാട്ടുകാരും മനസിലാക്കുന്നത്. സംഭവം അറിഞ്ഞ് ഉടന്‍ പൊലീസ് സ്ഥലത്തെത്തി. അന്വേഷണം നടത്തി വരികയാണ്. പഠിച്ച കള്ളനെ പൊക്കാനുള്ള ശ്രമത്തിലാണ് പോലീസും നാട്ടുകാരും.