പത്തനംതിട്ട: നദികളിലടക്കം ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. തീരങ്ങളും പാടശേഖരങ്ങളും വരണ്ടതോടെ ജില്ല രൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലമരുമോയന്ന് ആശങ്ക. പ്രളയത്തേ തുടർന്ന് പന്പാനദിക്കുണ്ടായ മാറ്റവും അടിത്തട്ടിൽ വന്നടിഞ്ഞ ചെളിയും വെള്ളം വേഗത്തിൽ കുറയാൻ കാരണമായതായി പറയുന്നു.
മഹാപ്രളയത്തേ തുടർന്ന് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ പന്പാനദി ശോഷിച്ചിരുന്നു. വെള്ളം വളരെ പെട്ടെന്ന് കുറഞ്ഞതോടെ ഒഴുക്ക് തീരെയില്ലാതായി. ചെളിയും മണ്ണും രൂപപ്പെട്ട ഭാഗങ്ങൾ കരയായി മാറി. നദിയുടെ മധ്യഭാഗം പോലും പലയിടങ്ങളിലും മണ്കൂനകളായി മാറി.
അടിത്തട്ടിലെ മണൽശേഖരം പ്രളയത്തോടെ പൂർണമായി ഇല്ലാതായി. മണൽ ഇല്ലാതായത് നദി വേഗത്തിൽ വരളാൻ കാരണമായി.കഴിഞ്ഞ ഒരു മാസത്തിനിടെ നദി വല്ലാതെ ശോഷിച്ചു. ഇതോടെ സമീപത്തെ ജലസ്രോതസുകളും കിണറുകളും വരണ്ടു. കിണറുകളിൽ മലിനജലം കയറിത്തുടങ്ങി. പന്പാ തീരത്തെ ജലവിതരണ പദ്ധതികളുടെ കിണറുകളും വറ്റിത്തുടങ്ങി. ഇതോടെ പന്പിംഗ് പ്രതിസന്ധിയിലാണ്.
വേനൽ രൂക്ഷമാകുന്ന ഘട്ടമെത്തിയതോടെ കാർഷികമേഖലയും പ്രതിസന്ധിയിലായി. പ്രളയത്തിനുശേഷം കൃഷി ഇറക്കിയ മേഖലകളിലാണ് പ്രതിസന്ധി. നെൽകൃഷിക്കാണ് ഏറ്റവുമധികം പ്രശ്നം. വെള്ളം ഇല്ലാതായതോടെ പാടശേഖരങ്ങളിൽ പട്ടാളപ്പുഴുവിന്റെ അടക്കം ശല്യമേറി. ഇതിനെ തുരത്താൻ കീടനാശിനി പ്രയോഗത്തിനു കർഷകർ നിർബന്ധിതരാകുകയാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കീടനാശിനി തന്നെ പലയിടത്തും ലഭ്യമല്ലാതായി.
വേങ്ങൽ പാടശേഖരത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിനു പിന്നാലെ കീടനാശിനി വില്പനയിലടക്കം നിയന്ത്രണങ്ങളേറിയിരിക്കുകയാണ്.തീരങ്ങളിലെ പച്ചക്കറി കൃഷികളും പ്രതിസന്ധിയിലാണ്. പ്രളയത്തിനുശേഷം അടിഞ്ഞുകൂടിയ മേൽമണ്ണ് നീക്കം ചെയ്തു പച്ചക്കറി കൃഷി തീരങ്ങളിൽ ആരംഭിച്ചിരുന്നു.
ഇവയെല്ലാം ഉണങ്ങിത്തുടങ്ങി. പ്രളയമണ്ണ് വേഗത്തിൽ വരളാനിടയാക്കുന്നുണ്ട്. ഇതിൽ ജലാംശം സ്വീകരിച്ചു വയ്ക്കാനുള്ള ശേഷി ഇല്ല. ഈ മണ്ണിൽ നടത്തിയ കൃഷികളെല്ലാം വേഗത്തിൽ ഉണങ്ങുകയാണ്. മേൽമണ്ണ് നീക്കിയാണ് പലയിടത്തും പച്ചക്കറി കൃഷി അടക്കം നടത്തിയത്. എന്നാൽ അപ്രതീക്ഷിതമായി വരൾച്ചയുടെ കാഠിന്യം വർധിപ്പിച്ചത് കർഷകർക്കു ബുദ്ധിമുട്ടായി.