പന്പ: പന്പയിൽ അടിസ്ഥാനസൗകര്യവികസനം എവിടെയുമെത്തിയില്ല. മണ്ഡലകാലം 16ന് ആരംഭിക്കുമെന്നിരിക്കേ പന്പയുമായി ബന്ധപ്പെട്ട് ഏറ്റെടുത്തിട്ടുള്ള പുനരുജ്ജീവന പ്രവർത്തനങ്ങൾ പാതിവഴിയിലാണ്. പ്രാഥമിക സൗകര്യങ്ങളെങ്കിലും ഭക്തർക്ക് ഒരുക്കുന്നതിനായി പ്രളയബാധിത പന്പ ത്രിവേണിയിൽ ശ്രമങ്ങൾ തുടങ്ങിയത്.
എന്നാൽ തീർഥാടനകാലം ആരംഭിക്കാറാകുന്പോഴും ദേവസ്വം ബോർഡും ടാറ്റാ പ്രോജക്ടും ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ പലതും പൂർത്തീകരണത്തിലെത്തിയിട്ടില്ല.പ്രാഥമികസൗകര്യങ്ങൾ പോലും ഭക്തർക്കു നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശുചിമുറികൾ ഉപയോഗയോഗ്യമായിട്ടില്ല. പകരമായി നിർദേശിക്കപ്പെട്ടിരിക്കുന്ന ബയോ ടോയ് ലറ്റുകളാണ്. ഇവയുടെ സ്ഥാപനം ആയിട്ടില്ല.
പന്പ സ്നാനത്തിനുള്ള സൗകര്യവും പരിമിതമാണ്. പന്പയിലെ കെട്ടിടങ്ങളെല്ലാം വെള്ളപ്പൊക്കത്തിൽ തകർന്നതാണ്. ഇവയുടെ പുനരുദ്ധാരണം എവിടെയുമെത്തിയില്ല. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യവും കുടിവെള്ളം, ഭക്ഷണം എന്നിവയുമാണ് അടിസ്ഥാന സൗകര്യങ്ങളായി ഒരുങ്ങേണ്ടതുണ്ട്.പന്പയിലെ ശുചിമുറി സമുച്ചയത്തിലെ 180 എണ്ണമാണ ്പ്രളയത്തേ തുടർന്ന് തകർന്നത്.
കെട്ടിടത്തിലെ 270 ശുചിമുറികൾ നന്നാക്കിയെടുത്തെങ്കിലും ഇവുയടെ സെപ്റ്റിക് ടാങ്ക് പന്പയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയുടെ പണികൾ എവിടെയുമെത്തിയില്ല. ശുചിമുറികളിലേക്ക് വെള്ളം എത്തിയിട്ടില്ല. പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണ്. കെഎസ്ആർടിസിക്കു സമീപം മാത്രമാണ ്ബയോ ടോയയ് ലറ്റുകൾ സ്ഥാപിച്ചത്. വെള്ളം നൽകിയിട്ടുമില്ല.
പ്രളയത്തിൽ നശിച്ചുപോയ ശുദ്ധജലസംവിധാനങ്ങൾ പുനഃസ്ഥാപിക്കാനായിട്ടില്ല. പന്പയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്തെങ്കിൽ മാത്രമേ പൈപ്പ് ജോലികൾ പൂർത്തിയാക്കാനാകൂ. പൈപ്പുകൾ എത്തിച്ചിട്ടുണ്ടെങ്കിലും ഇതെന്നു സ്ഥാപിക്കുമെന്നു പറയാറായിട്ടില്ല.പന്പാനദിയുടെ ആഴംകൂട്ടുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഇതു പൂർത്തിയായെങ്കിൽ മാത്രമേ കുളിക്കടവുകൾ സജ്ജമാകൂ. തന്നെയുമല്ല ആഴംകൂട്ടൽ പൂർത്തിയായില്ലെങ്കിൽ പന്പ ഏതു സമയവും മുങ്ങുന്ന സ്ഥിതിവിശേഷമാകും.
പന്പയിലെ ഇൻസിനറേറ്ററുകൾ നശിച്ചതോടെ മാലിന്യസംസ്കരണം താളംതെറ്റുകയാണ്. പ്രളയത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മറ്റും ഇപ്പോഴും പന്പയിൽ അടിഞ്ഞുകൂടി കിടക്കുകയാണ്. പന്പയിൽ അന്നദാന മണ്ഡപംതകർന്നു. ഭക്ഷണസൗകര്യത്തിനായി ഹോട്ടലുകൾ തുറക്കാനാകുന്നില്ല. കെട്ടിടങ്ങൾ തകർന്നതാണ് കാരണം. താത്കാലിക സംവിധാനങ്ങളിലൂടെ ഹോട്ടൽ തുറക്കാനുള്ള ശ്രമമുണ്ട്.