പത്തനംതിട്ട: വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമാകുകയും സംഭരണികളിലേക്ക് നീരൊഴുക്ക് വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ ശബരിഗിരി പദ്ധതിയുടെ പന്പ, കക്കി – ആനത്തോട് സംഭരണികളിൽ നിന്ന് ഇന്നു രാവിലെ മുതൽ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി.
പന്പയിൽ 985.65 മീറ്ററാണ് ഇന്നു രാവിലത്തെ ജലനിരപ്പ്. ആറു ഷട്ടറുകളിൽ രണ്ടെണ്ണം തുറന്നിട്ടുണ്ട്. നേരത്തെ ആറു ഷട്ടറുകളും തുറന്നിരുന്നെങ്കിലും ഇന്നലെ അഞ്ച് ഷട്ടറുകളും അടച്ചിരുന്നു. ഇന്ന് രാവിലെ ഒരു ഷട്ടർ കൂടി തുറന്നു. കക്കി – ആനത്തോട് സംഭരണിയുടെ നാല് ഷട്ടറുകളും രണ്ട് അടി വീതം തുറന്നുവച്ചിരിക്കുകയാണ്.
പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവിലും വർധന വരുത്തി. കക്കിയിൽ ഇന്നു രാവിലെ 98,1 മീറ്ററാണ് ജലനിരപ്പ്, മൂഴിയാറിൽ ജലനിരപ്പ് നിയന്ത്രണവിധേയമായതിനാൽ ഷട്ടറുകൾ അടച്ചു.പന്പാനദിയിലെ ജലനിരപ്പ് കുറഞ്ഞുവെങ്കിലും പ്രളയബാധിത മേഖലകളിൽ ദുരിതം തുടരുകയാണ്.
വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്നു സാവധാനമാണ് ഇറങ്ങുന്നത്. ഇതേത്തുടർന്ന് കൂടുതൽ ആളുകൾ ദുരിതാശ്വാസ ക്യാന്പുകളിൽ എത്തുന്നു. തിരുവല്ല താലൂക്കിലാണ് കൂടുതൽ ക്യാന്പുകൾ തുറന്നിരിക്കുന്നത്. തിരുവല്ലയിൽ മാത്രം 34 ക്യാന്പുകളിലായി 1102 കുടുംബങ്ങളിലെ 4533 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.
തിരുവല്ലയുടെ പടിഞ്ഞാറൻ മേഖലയായ അപ്പർകുട്ടനാട് പ്രദേശങ്ങളിലാണ് വെള്ളക്കെട്ട്. ഇതു മൂന്നാംതവണയാണ് അപ്പർകുട്ടനാട്ടിലെ ആളുകൾ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറുന്നത്. കോഴഞ്ചേരി താലൂക്കിൽ ഒന്പത് ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്.