പത്തനംതിട്ട: പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിന് നടപടികള്‍ തുടങ്ങിയെങ്കിലും വനംവകുപ്പിന്റെ അനുമതി ലഭിച്ചില്ല. 2018ലെ മഹാപ്രളയത്തില്‍ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണലിന്റെ ഒരു ഭാഗം കഴിഞ്ഞവര്‍ഷം ഒഴുകിപ്പോയിരുന്നു.
ഇത്തവണ മഴക്കാലത്തിനു മുമ്പായി മണല്‍ നീക്കാന്‍ ദേവസ്വം സെക്രട്ടറി അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് റവന്യു അനുമതിയും ലഭിച്ചു. എന്നാല്‍ മണല്‍ നീക്കാനുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് വനംവകുപ്പ് പറയുന്നു.
വനംവകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ മണല്‍ നീക്കിത്തുടങ്ങുമെന്ന് ഇന്നലെ സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. മണല്‍ തത്കാലം നിലയ്ക്കലിലേക്ക് നീക്കിയിടാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട അടിയന്തര നടപടികള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.
വരുംദിവസങ്ങളില്‍ 150 ഓളം ട്രക്കുകള്‍ 24 മണിക്കൂറും ഇതിനായി പ്രവര്‍ത്തിക്കും. വലിയ മഴയ്ക്ക് മുമ്പേ പമ്പാനദിയിലെ മണലുകള്‍ എടുത്തുമാറ്റുവാനാണു ശ്രമിക്കുന്നത്. നിലവില്‍ പമ്പയിലെ പ്രളയ സാഹചര്യമില്ലാത്ത സ്ഥലത്താണു മണല്‍ മാറ്റിയിടുന്നത്.
പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് പ്രോഡക്ട്സ് ലിമിറ്റഡിനാണു മണല്‍ മാറ്റുവാനുള്ള ചുമതല. ഫീല്‍ഡ് വെരിഫിക്കേഷനുവേണ്ടി റാന്നി തഹസില്‍ദാരെ നിയോഗിച്ചിട്ടുണ്ട്.
പ്രളയ സാഹചര്യം ഉണ്ടാകാതിരിക്കുവാന്‍ നീക്കംചെയ്യേണ്ട അധിക അളവ് മണല്‍ പരിശോധിക്കുന്നതിനായി സബ് കളക്ടറുടെ നേതൃത്വത്തില്‍ ഒരു ടീമിനെ നിയോഗിച്ചിരുന്നു.
75,000 മീറ്റര്‍ ക്യൂബ് മണല്‍ നീക്കംചെയ്യണമെന്ന് ഇവര്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്ത മഴയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ കണക്കിലെടുത്ത് നിലവില്‍ എത്ര മീറ്റര്‍ ക്യൂബ് മണല്‍ നീക്കം ചെയ്യണമെന്ന പുതിയ എസ്റ്റിമേറ്റ് രണ്ടു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും.
നിലവിലെ എസ്റ്റിമേറ്റ് പ്രകാരം ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് പ്രോഡക്ട്സ് ലിമിറ്റഡിന് ദേവസ്വം സെക്രട്ടറി നല്കിയ അനുവാദത്തിന്റെ അടിസ്ഥാനത്തിലാണു നദിയില്‍ നിന്നുള്ള മണല്‍ നീക്കം ആരംഭിച്ചത്.
തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ഡിഎഫ്ഒ എം.ഉണ്ണികൃഷ്ണന്, റാന്നി തഹസില്‍ദാര്‍ മിനി.കെ.തോമസ്, പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.കെ അജയ്ഘോഷ്, ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസര്‍ എസ്.മണി, പ്ലാപ്പള്ളി ഡെപ്യൂട്ടി റേ്ഞ്ച് ഓഫീസര്‍ കെ.എസ്.ജയന്, കെസിസിപി മാനേജിംഗ് ഡയറക്ടര്‍ എസ്.അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.