പന്പ: മഹാപ്രളയത്തിനു ശേഷം പന്പയുടെ തീരം സംരക്ഷിക്കാൻ നടത്തിയ ശ്രമം പാളി. തീരം സംരക്ഷിക്കാൻ മണൽനിറച്ച ചാക്കുകൾ നിരത്തിയിരുന്നത് ഏറിയപങ്കും ഒലിച്ചുപോയി. ഇതോടൊപ്പമാണ് തീരം ഇടിഞ്ഞു തുടങ്ങിയത്. മഹാപ്രളയം പന്പാ ത്രിവേണിക്ക് വൻ നഷ്ടമാണുണ്ടാക്കിയത്. ഇതിനു പിന്നാലെയാണ് ഇത്തവണ പ്രളയം നാശനഷ്ടമുണ്ടാക്കിയത്.
ഹിൽടോപ്പ് പാർക്കിംഗ് ഗ്രൗണ്ടിന്റെ സംരക്ഷണഭിത്തി ദിവസവും പന്പാനദിയിലേക്ക് ഇടിഞ്ഞു താഴുകയാണ്. മഹാപ്രളയത്തിൽ ഹിൽടോപ്പ് പാർക്കിംഗ് ഗ്രൗണ്ടിന്റെ ഒരുവശം മുഴുവൻ നദിയിലേക്ക് ഇടിഞ്ഞുവീണു. മണൽച്ചാക്ക് അടുക്കിയാണ് സംരക്ഷണഭിത്തി കെട്ടിയത്.
ഇതോടൊപ്പം പന്പയുടെ തീരം ഇടിയുകയും ചെയ്തത് ഭാവിയിൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്.
ഹിൽടോപ്പ് പാർക്കിംഗ് ഗ്രൗണ്ടും ക്രമേണ ഇല്ലാതാകുന്ന സ്ഥിതിയാണ്. കഴിഞ്ഞ പ്രളയകാലത്ത് പന്പയിൽ അടിഞ്ഞുകൂടിയ കോടി കണക്കിനു രൂപ വിലവരുന്ന മണ്ണ് ഒലിച്ച് പോകുകയും ചെയ്തു. വനം വകുപ്പും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കമാണ് മണൽ നഷ്ടമായത്.
ലേലത്തിനു വച്ചിരുന്ന മണലാണ് നഷ്ടമായത്. കഴിഞ്ഞ പ്രളയം കഴിഞ്ഞ് വേണ്ട രീതിയിൽ സംരക്ഷണ പ്രവർത്തനം നടത്താതെയിരുന്നതിനാലാണ് മണൽ നഷ്ടമാകാനും കാരണമായത്.