തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രളയത്തിൽ തകർന്ന പമ്പയുടെ പുനർനിർമാണം അതിവേഗത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പമ്പ പുനര്നിമാണത്തിനും ശബരിമല തീര്‍ത്ഥാടനം സൗകര്യപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്നും ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോ.വി.വേണു, കെ.ആര്.ജ്യോതിലാല്‍, ടിങ്കു ബിസ്വാള്‍ എന്നീ മുതിർന്ന ഉദ്യോഗസ്ഥരും പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും സമിതിയില്‍ അംഗങ്ങളായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നവംബര്‍ 17ന് മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നതിനു മുന്നേ പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം സമയബന്ധിതമായി പുനര്‍നിര്‍മിക്കാനാണ് പദ്ധതിയിടുന്നതെന്നും ഇതിന്റെ ചുമതല ടാറ്റ പ്രോജക്ട് ലിമിറ്റഡിന് നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.