പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറക്കാന്‍ അഞ്ചു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുന്പോഴും തീർഥാടകരുടെ പ്രധാന സംഗമകേന്ദ്രമായ പന്പയിലെ ക്രമീകരണങ്ങൾ പലതുമായില്ല . 2018ലെ മഹാപ്രളയത്തേതുടർന്ന് അടിസ്ഥാന സൗകര്യങ്ങൾ തന്നെ നഷ്ടപ്പെട്ട പന്പയിൽ തീർഥാടകരെ തങ്ങാൻ അനുവദിക്കേണ്ടതില്ലെന്നതാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നയമെങ്കിലും ഇതു പ്രായോഗികമല്ലെന്നാണ് കഴിഞ്ഞ തീർഥാടനകാലം നൽകിയ സൂചന.
ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ തിരക്ക് പന്പയിൽ പ്രതീക്ഷിക്കാമെങ്കിലും അതിനനുസൃതമായ ക്രമീകരണങ്ങൾ പന്പയിൽ ആയിട്ടില്ല.പ്രളയാനന്തര പമ്പയെ തീർഥാടനത്തിനായി തയാറാക്കുക എന്ന ശ്രമകരമായ ജോലിയാണ് അധികൃതർ ഏറ്റെടുത്തത്. എന്നാൽ ഇത് തീർഥാടനം സുഗമമാക്കാൻ ഉപകരിക്കുമോയെന്ന ആശങ്ക ബാക്കി. കുപ്പികളിൽ നിറച്ച പാനീയങ്ങള്‍ നിരോധിച്ചതിനാല്‍ തീർഥാടകര്‍ക്ക് മതിയായ കുടിവെള്ളമെത്തിക്കുക എന്നതാകും നേരിടുന്ന പ്രധാന വെല്ലുവിളി. പമ്പ, ശബരിമല, കാനന പാത എന്നിവിടങ്ങളില്‍ കൂടുതല്‍ കുടിവെള്ള കിയോസ്ക്കുകള്‍ സ്ഥാപിക്കാന്‍ നടപടിയായിട്ടില്ല.
ഹോട്ടലുകള്‍ കരാറെടുക്കാന്‍ കച്ചവടക്കാര്‍ തയാറാകാത്ത സാഹചര്യത്തിൽ തീർഥാടകര്‍ക്ക് ഭക്ഷണം നല്‍കാനും കൂടുതൽ സംവിധാനങ്ങൾ ഒരുക്കേണ്ടിയിരിക്കുന്നു. വിവിധ ഭക്തസംഘടനകളെ അന്നദാനം നടത്തുന്നതിൽ നിന്നും ദേവസ്വം ബോര്‍ഡ് വിലക്കിയിരിക്കുന്നതും അയ്യപ്പഭക്തരെ ദുരിതത്തിലാക്കും. സന്നിധാനത്ത് ദേവസ്വം ബോര്‍ഡും അയ്യപ്പസേവാ സംഘവും മാത്രമാണ് അന്നദാനം നടത്തുന്നത്.
ദേവസ്വം ബോര്‍ഡിന്റെ അന്നദാനം സന്നിധാനത്ത് എത്തുന്ന തീർഥാടകരിൽ ചെറിയ ശതമാനത്തിനു മാത്രമാണ് ലഭ്യമാകുക. ബാക്കിയുള്ളവര്‍ ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. കടകളുടെ ലേലം അടുത്തദിവസം വീണ്ടും നടക്കുന്നുണ്ട്. ഇതിലാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ തുകയ്ക്ക് 11 ഹോട്ടലുകള്‍ സന്നിധാനത്ത് ലേലം ചെയ്ത് നല്‍കിയിരുന്നു. ഈ വർഷം ശബരിമലയിലും പമ്പയിലും ഓരോ ഹോട്ടലുകള്‍ മാത്രമാണ് ഇതേവരെ ലേലം ചെയ്യാന്‍ കഴിഞ്ഞത്.
ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും കുറവ് പരിഹരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടാല്‍ ഭക്തര്‍ക്ക് അത് വലിയ ദുരിതമാകാനും സാധ്യതയുണ്ട്. പമ്പയില്‍ പ്രളയത്തെത്തുടര്‍ന്ന് കഴിഞ്ഞ തീര്‍ഥാടനകാലത്തും വ്യാപാര ശാലകള്‍ക്ക് സ്ഥലം ലേലത്തിൽ നല്‍കിയെങ്കിലും പ്രതീക്ഷിച്ച വരുമാനം നേടാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞില്ല. കഴിഞ്ഞ നവംബറില്‍ ശബരിമല, നിലയ്ക്കല്‍, പമ്പ, കാനനപാത എന്നിവിടങ്ങളിലായി 37.81 കോടി രൂപയ്ക്ക് കടകള്‍ ലേലം ചെയ്ത് നല്‍കിയെങ്കിലും 14.7 കോടി രൂപ മാത്രമാണ് ബോര്‍ഡിന് ഇതുവരെ ലഭിച്ചത്.
കഴിഞ്ഞ തീർഥാടന കാലത്തിനുശേഷം പമ്പ ഹിൽടോപ്പിൽ നിന്നും സന്നിധാനത്തോക്ക് സാധനസാമഗ്രികള്‍ എത്തിക്കാന്‍ റോപ്പ് വേയുടെ നിര്‍മാണം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. 2016 ല്‍ ആരംഭിച്ച സന്നിധാനത്തെ അന്നദാന മണ്ഡപത്തിന്റെ നിർമാണവും പൂര്‍ത്തിയായിട്ടില്ല. സന്നിധാനത്ത് മാലിന്യനിര്‍മാര്‍ജന സംവിധാനവും അപര്യാപ്തമാണ്.
ശബരിമല മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദേശിച്ചിട്ടുള്ള പമ്പയിലെയും നിലയ്ക്കലിലെയും പുതിയ മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ ഇപ്പോഴും കടലാസിൽ ഒതുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തിൽ പമ്പയിലെ നിരവധി തീർഥാടന സൗകര്യങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. അയ്യായിരത്തോളം തീർഥാടകര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യമുണ്ടായിരുന്ന രാമമൂര്‍ത്തി മണ്ഡപം ഒഴുകിപ്പോയി.
നടപ്പന്തലും പ്രളയത്തിൽ നശിച്ചു. ഇതിനു പകരമായി താത്കാലിക സൗകര്യങ്ങളാണ് ഇപ്പോള്‍ ഒരുക്കുന്നത്. പ്രളയത്തിൽ തകർന്ന ഹോട്ടലുകൾ അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി അപകടസാധ്യത ഒഴിവാക്കാനുള്ള നടപടികളും പൂർത്തിയായി വരുന്നതേയുള്ളൂ. പൊളിച്ചുനീക്കിയ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതും തീർഥാടകർക്ക് ബുദ്ധിമുട്ടാകും.