റാന്നി: മഹാപ്രളയത്തേ തുടർന്ന് പന്പാനദിക്കുണ്ടായ രൂപമാറ്റം അപകടങ്ങൾക്കു കാരണമാകുന്നു. പ്രളയത്തേ തുടർന്ന് ഒഴുകിയെത്തിയ ചെളിയും മണ്ണും അപകടങ്ങൾക്കു കാരണമാകുന്നു. നദിയിൽ നീരൊഴുക്ക് കുറവാണെങ്കിലും ഇറങ്ങുന്നവർ അപകടത്തിൽപെടുകയാണ്.
നദിയിലേക്ക് ഇറങ്ങുന്നവർ ചെളിയിൽ താഴ്ന്നു പോകുകയാണ്. വടശേരിക്കര ബംഗ്ലാം കടവ് പാലത്തിനു താഴെ നദിയിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ ഇന്നലെ മുങ്ങിമരിച്ചു. മറ്റൊരാളെ കാണാതായി. ഇന്നലെ ഉച്ചക്ക് 12 ഓടെയാണ് സംഭവം. വടശേരിക്കര തലച്ചിറ സ്വദേശികളായ അജിത്ത് ഭവനം പാറക്കിഴക്കേതിൽ സുജിത്ത് (28) പുത്തൻപുരയിൽ നന്ദു (22), ഹരി നിവാസിൽ പ്രശാന്ത്(21) എന്നിവരാണ് നദിയിൽ പെട്ടത്.
ഇവരിൽ സുജിതിന്റെ മൃതദേഹം കണ്ടെടുത്തു. നന്ദുവിനെ രക്ഷിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തിനെ നാട്ടുകാർ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചംഗ സംഘമാണ് കുളിക്കാനെത്തിയത്. ഇവർ നദിയിൽ പെട്ടതറിഞ്ഞ് ആദ്യം നാട്ടുകാരും പിന്നീടു റാന്നിയിൽ നിന്ന് ഫയർഫോഴ്സും പെരുനാട് പോലീസും സ്ഥലത്തെത്തി. നടത്തിയ തെരച്ചിലിൽ ഇവർ നദിയിൽ പെട്ട ഭാഗത്തിന് താഴെ നിന്ന് സുജിത്തിന്റെ മൃതദേഹം ആദ്യം കണ്ടെടുത്തു. നന്ദുവിനെ കണ്ടെത്തി കരയിൽ എത്തിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
പിന്നീട് മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കാണാതായ പ്രശാന്തിനായി തെരച്ചിൽ തുടരുകയാണ്. അഞ്ചു സുഹൃത്തുക്കൾ അടങ്ങിയ സംഘം ഇന്നലെ ഉച്ചയോടെയാണ് നദിയിൽ കുളിക്കാനെത്തിയത്. രണ്ടു പേർ ആദ്യം കുളിച്ചു കരയ്ക്കു കയറി. പിന്നീട് കുളിക്കാനിറങ്ങിയ നന്ദു ആദ്യം വെള്ളത്തിൽ താഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ പ്രശാന്തും പിന്നാലെ സുജിത്തും നദിയിൽ പെടുകയായിരുന്നു.
നദിയുടെ പല ഭാഗങ്ങളിലും ചെളി അടിഞ്ഞു കൂടിയിട്ടുള്ളതിനാൽ മുൻപരിചയമില്ലാത്തവർ ഇറങ്ങുന്നത് അപകടകരമാണെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളം കുറവാണെന്നു ധരിച്ച് നദിയുടെ മധ്യഭാഗത്തേക്കും മറ്റും പോകുന്പോഴാണ് അപകടം സംഭവിക്കുന്നത്.