കണമല: പന്പാവാലിയിലെ കർഷകരെ കുടിയിറക്കാൻ അനുവദിക്കില്ലെന്നും അങ്ങനെ നീക്കമുണ്ടായാൽ ഓരോ കോൺഗ്രസ് പ്രവർത്തകനും സ്വന്തം ജീവനും രക്തവും നൽകി ഇവിടത്തെ കർഷകരെ സംരക്ഷിക്കുമെന്നും മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ എംപി പറഞ്ഞു.
ഇന്നലെ ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബഫർ സോണിലാണ് പന്പാവാലിക്കാർ. ഇതു നീക്കംചെയ്യാതെ സർക്കാർ പറയുന്നതെല്ലാം തട്ടിപ്പാണ്. പെരിയാർ കടുവാസങ്കേതത്തിന്റെ ബഫർസോണിൽനിന്ന് നാടിനെ നീക്കാതെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാവില്ല.
കർഷകരെ കുടിയിറക്കി വനമാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന കർഷകൻ ഏബ്രഹാം ജോസഫ് കല്ലേക്കുളത്ത് രാവിലെ ഉപവാസ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വാർഡ് അംഗം മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലിം, പ്രഫ. പി.ജെ. വർക്കി, ഫാ. ജയിംസ് കൊല്ലംപറന്പിൽ, ഫാ. സോജി, മാത്യു കല്ലേത്ത്, ടി.കെ. സാജു, സതീഷ് പണിക്കർ, പ്രകാശ് പുളിക്കൻ, മോൻസ് ജോസഫ്, സജി മഞ്ഞക്കടന്പിൽ, നാട്ടകം സുരേഷ്, തോമസ് കല്ലാടൻ, ജോമോൻ ഐക്കര, പി.എ. ഷെമീർ, റോയി കപ്പലുമാക്കൽ, സിബി അഴകത്ത്, കെ.എൻ. പുരുഷോത്തമൻ, ടി.വി. ജോസഫ്, റിങ്കു ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.